gokul-suresh

തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെയുള്ള കുപ്രചാരണങ്ങൾക്കെതിരെ തുറന്നടിച്ച് മകൻ ഗോകുൽ സുരേഷ്. ശക്തമായ മത്സരം നടന്ന തൃശൂരിൽ പ്രചാരണം തുടങ്ങാൻ വെെകിയെന്നും എന്നാൽ അച്ഛനോടൊപ്പം താനും പ്രചാരണത്തിന് ഇറങ്ങിയപ്പോൾ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെനന്നും ഗോകുൽ പറഞ്ഞു.

സുരേഷ് ഗോപി തോൽക്കാനായി ശ്രമിക്കുന്ന ഒരു ലോബി ഉണ്ടായിരുന്നെന്നും അദ്ദേഹം വിജയിച്ചാൽ വർഗീയത മാത്രമാണ് എന്നും പ്രചരിപ്പിച്ചെന്നും ഗോകുൽ വ്യക്തമാക്കി. അച്ഛൻ ചെയ്യുന്ന നന്മകളെ ബോധപൂർവ്വം മറച്ച് മറ്റുകാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോൽക്കുമെന്നുള്ള ഭയം കാരണം അവർ ജനങ്ങളെ വളരെയധികം തെറ്റിധരിപ്പിച്ചിട്ടുണ്ടായിരുന്നു. വർഗീയത മാത്രമാണ് സുരേഷ്ഗോപി വന്നാൽ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. മറ്റു മതത്തിലുള്ളവർക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നൊക്കെ പറഞ്ഞ് പരത്തി. അച്ഛനെ തോൽപ്പിക്കുന്നത് മെക്കയിൽ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. ഗോകുൽ പറഞ്ഞു.

പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തത് തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ പ്രചരണത്തിന് ഉപയോഗിച്ചു. തങ്ങളുടെ രണ്ട് വണ്ടികൾ മാത്രമാണ് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നും ഇത് കൊലപാതക കുറ്റത്തിന് തുല്യമാണെന്ന് ഒരു നിയമവ്യവസ്ഥയിലും പറയുന്നില്ലെന്നും ഗോകുൽ ചോദിച്ചു. എന്നാൽ ഇത് തീവ്രവാദക്കുറ്റം പോലെയാണ് മാദ്ധ്യമങ്ങളും ആഘോഷിച്ചത്. ബിജു മേനോന് എതിരെയുള്ള സെെബർ ആക്രമണം കാശ് ഇറക്കി കളിച്ച കളിയാണെന്നും ഗോകുൽ പറഞ്ഞു.