pra

മുംബയ്: ബി.ജെ.പി നേതാവ് പ്രജ്ഞാ സിംഗ് താക്കൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി എൻ.ഐ.എ പ്രത്യേക കോടതി തള്ളി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത്​ തിരഞ്ഞെടുപ്പ്​ കമ്മിഷനാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

2008ലെ മാലേഗാവ് സ്ഫോടനക്കേസിലെ ഇരകളിലൊരാളായ സയീദ് അസ്ഹറിന്റെ പിതാവായ നിസാർ സയീദാണ് ഹർജി സമർപ്പിച്ചിരുന്നത്. സ്ഫോടനക്കേസിൽ വിചാരണ നടക്കുന്നതിനാൽ കേസിലെ പ്രതിയായ പ്രജ്ഞയെ മത്സരിക്കുന്നതിൽ നിന്ന്​ വിലക്കണമെന്നായിരുന്നു ഹർജി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്​ വിലക്കാൻ കോടതിക്ക്​ നിയമപരമായ അധികാരമില്ല. അത്​ തിരഞ്ഞെടുപ്പ്​ ഓഫീസർമാരുടെ ജോലിയാണ്- ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയാണ് പ്രജ്ഞാ താക്കൂർ.

ജാമ്യത്തിലിറങ്ങി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രജ്ഞ കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെയാണ് നേരിടുന്നത്.