k-sudhakaran

കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സി.പി.എമ്മുകാർ വ്യാപകമായി കള്ളവോട്ടിട്ടെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമായ കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇലക്‌ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇതുപോലെ നിഷ്‌ക്രിയമായി പ്രവർത്തിച്ച ഒരുകാലമുണ്ടായിരുന്നില്ല. ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കും.

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ തന്റെ വിജയം ഉറപ്പാണ്. ജയിച്ചാലും തോറ്റാലും നിയമ നടപടി തുടരും. കള്ളവോട്ട് നടന്നത് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതുവരെ കേട്ടിട്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എൻ.ജി.ഒ യൂണിയനിൽപ്പെട്ട ഉദ്യോഗസ്ഥരെ മാത്രമാണ് നിയമിച്ചത്. ഇതിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു.

അതേസമയം സുധാകരന്റെ ആരോപണം പരാജയം മുന്നിൽ കണ്ടുകൊണ്ടാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.