modi

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുൽവാമ ഭീകരാക്രമണത്തെയും ബാലകോട്ട് മിന്നലാക്രമണത്തെയും കുറിച്ച് പരാമർശിച്ച് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവത്കരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്കും എതിരെ നടപടിയുണ്ടായേക്കുമെന്ന് സൂചന. പ്രധാനമന്ത്രിക്കെതിരെയുള്ള പരാതികൾ അന്വേഷിക്കുകയാണെന്നും വിവരശേഖരണം നടത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ ദേശീയമാദ്ധ്യമങ്ങളെ അറിയിച്ചു. ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ഏപ്രിൽ 9നാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിയിൽ, പുൽവാമയിലെ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ മോദി ആദ്യ വോട്ടർമാരോട് വോട്ടഭ്യർത്ഥന നടത്തിയത്. തുടർന്നും വിവിധ വേദികളിൽ സൈന്യത്തിന്റെ പ്രത്യാക്രമണം സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി വോട്ട് തേടിയിരുന്നു. ഇതിനെതിരെ സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തിരുന്നു.

ഏപ്രിൽ 11ന് മോദിയുടെ വിവാദപരാമർശം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി. മോദിയെയും അമിത് ഷായെയും കൂടാതെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സൈന്യത്തെ വോട്ടഭ്യർത്ഥനയ്ക്കായി ഉപയോഗിച്ചിരുന്നു.

സൈന്യത്തെ 'മോദിയുടെ സേന' എന്ന് യോഗി വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ച് വിരമിച്ച സൈനിക മേധാവികൾ രാഷ്ട്രപതിക്ക് കത്ത് നല്‍കിയതും വിവാദമായിരുന്നു.