സെൻസെക്‌സ് 489 പോയിന്റും നിഫ്‌റ്റി 150 പോയിന്റും മുന്നേറി
കൊച്ചി: ക്രൂഡോയിൽ വില കത്തിക്കയറിയ പശ്‌ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നഷ്‌ടം നേരിട്ട ഇന്ത്യൻ ഓഹരികൾ ഇന്നലെ വൻ കുതിപ്പോടെ നേട്ടത്തിന്റെ ട്രാക്കിൽ തിരിച്ചെത്തി. ബാരലിന് 74.40 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില അല്‌പം താഴ്‌ന്ന് 74.14 ഡോളറായതാണ് ഓഹരികൾക്ക് ആശ്വാസമായത്. സെൻസെക്‌സ് ഇന്നലെ 489 പോയിന്റ് മുന്നേറി 39,054ലും നിഫ്‌റ്രി 150 പോയിന്റുയർന്ന് 11,726ലും വ്യാപാരം പൂർത്തിയാക്കി.
ഇന്നലെ സെൻസെക്‌സിലെ നിക്ഷേപകരുടെ മൊത്തം മൂല്യത്തിലുണ്ടായ വർദ്ധന 1.44 ലക്ഷം കോടി രൂപയാണ്. സെൻസെക്‌സിന്റെ മൂല്യം 151.74 ലക്ഷം കോടി രൂപയിൽ നിന്നുയർന്ന് 153.19 ലക്ഷം കോടി രൂപയായി. റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് ഇന്നലെ സെൻസെക്‌സിന്റെ കുതിപ്പിന് നേതൃത്വം നൽകിയത്. ഇവ 1.51 ശതമാനം മുതൽ 2.21 ശതമാനം വരെ മുന്നേറി. അതേസമയം, ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടത്തിന് അനുസൃതമായി വരും നാളുകളിലും ഇന്ത്യൻ ഓഹരികളിൽ കയറ്റിറക്കങ്ങൾ ദൃശ്യമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.