ചെന്നെെ: സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹെെക്കോടതി നീക്കി. ടിക് ടോക്കിന്റെ പുനപരിശോധന ഹർജിയിലാണ് നടപടി. സർക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ഗൂഗിൾ, ആപ്പിൾ പ്ളേ സ്റ്റോറിൽ നിന്ന് ടിക് ടോക് ആപ്ളിക്കേഷൻ നീക്കം ചെയ്തിരുന്നു. എന്നാൽ പുനപരിശോധന ഹർജി നൽകിയതോടെ മദ്രാസ് ഹെെക്കോടതി നിരോധനം നീക്കുകയായിരുന്നു.
സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തുടങ്ങിയഅനാശാസ്യ പ്രവണതകൾ ടിക് ടോക് ആപ്പിലൂടെ പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്. കുട്ടികളാണ് ടിക് ടോക്കിന്റെ ആരാധകർ. ഏറ്റവും കൂടുതൽ സെൽഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത് 11 - 14 വയസുള്ള കുട്ടികളാണ്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളിൽ 38 ശതമാനവും കുട്ടികളാണ്. ഭൂരിഭാഗവും പെൺകുട്ടികൾ. ഇന്ത്യയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ളീല വിഡിയോകൾ ടിക് ടോകിൽ ഹിറ്റായിരുന്നു.