bomber

കൊളംബോ: ശ്രീലങ്കയിൽ സ്ഫോടനപരമ്പര നടന്നയിടങ്ങളിലൊന്നായ സെന്റ് സെബാസ്റ്റ്യൻ പള്ളിയ്ക്കുള്ളിൽ സ്ഫോടനം നടത്തിയ ചാവേറെന്ന് കരുതുന്ന ആളിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തി. ഇയാൾ ഭാരമുള്ള ഒരു ബാഗുമായെത്തി, പള്ളിയ്ക്ക് പുറത്തുനിനിന്നിരുന്ന ഒരു കുഞ്ഞിന്റെ തലയിൽ തലോടുന്നതും പിന്നീട് പള്ളിയ്ക്കുള്ളിലേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

''പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ ഭാരമേറിയ ബാഗും തൂക്കി ഒരാൾ ​ഞങ്ങളുടെ അടുത്തുകൂടിപോയി. നടന്നു പോകുന്ന വഴി എന്റെ ചെറുമകളുടെ തലയിൽ അയാൾ കൈവച്ചിരുന്നു"- അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ദിലീപ് ഫെർണാടോ എന്നയാൾ വെളിപ്പെടുത്തിയാതായാണ് റിപ്പോർട്ടുകൾ. ഈസ്റ്റർ കുർബാനയ്ക്കെത്തിയവർ പള്ളിയ്ക്ക് വെളിയിൽ നിൽക്കുന്നതും പള്ളിയ്ക്കകത്ത് അൾത്താരയ്ക്കടുത്തായുള്ള ഇരിപ്പിടത്തിൽ ചാവേർ ഇരിക്കുന്നതും ദൃശ്യങ്ങളുണ്ട്.

മരണസംഖ്യ 359 ആയി, കൂടുതൽ പേരെ അറസ്റ്റ് ചെയ്തു

 ചാവേറായവരിൽ സ്ത്രീയും

കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധയിടങ്ങളിലായി ഉണ്ടായ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെക്കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് റുവാൻ ഗുണശേഖര അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 58 ആയി. അതേസമയം, സ്ഫോടനപരമ്പരയിൽ ഉൾപ്പെട്ട ഒമ്പത് ചാവേറുകളിൽ സ്ത്രീയും ഉണ്ടായിരുന്നതായി റുവാൻ ഗുണശേഖര കൂട്ടിച്ചേർത്തു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ ഐസിസ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ന്യൂസിലാൻഡിലെ മുസ്ലിം പള്ളികളിൽ കഴിഞ്ഞമാസം ഉണ്ടായ സ്ഫോടനങ്ങളുടെ പ്രതികാരമായാണ് ശ്രീലങ്കയിലെ മനുഷ്യക്കുരുതിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊളംബോയിലെ ഷോപ്പിംഗ് മാളിന് സമീപത്തുനിന്ന് ഇന്നലെയും ബോംബ് കണ്ടെത്തി. മാളിന് സമീപത്തെ ബൈക്കിൽ കണ്ടെത്തിയ ബോംബ് പൊലീസെത്തി നിർവീര്യമാക്കുകയായിരുന്നു.