thrissur-murder

തൃശൂർ: കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയിൽ മുണ്ടൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയത് തൃശൂർ നഗരത്തിന് അടുത്തുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ ഉൾപ്പെടെയുള്ള സംഘമാണെന്ന് സൂചന. പ്രതികളെന്ന് സംശയിക്കുന്ന ഡയമണ്ട്, സഹോദരൻ ജിനോ, ജെസോ, എബി, സിജോ, പ്രിൻസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അടുത്ത കാലത്താണ് പഞ്ചായത്ത് പ്രസിഡന്റിന്റെ കുടുംബം വരടിയത്തിനടുത്ത് താമസമാക്കിയത്. ഇയാളുടെ രണ്ട് മക്കളും കഞ്ചാവ്, ഗുണ്ടാ മാഫിയാ സംഘത്തിൽ ഉൾപ്പെട്ടിരുന്നവരാണെന്ന് പറയുന്നു. കൃത്യം നിർവഹിച്ച ശേഷം പുലർച്ചെ തന്നെ അക്രമിസംഘം പാലക്കാട് വഴി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ പൊലീസിന്റെ തെരച്ചിലിൽ സംഘം കുടുങ്ങി.

ഗുണ്ടകൾ ആക്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്യാമിനെ മറ്റൊരിടത്തേക്ക് മാറ്റാനാണ് മുണ്ടത്തിക്കോട് സ്വദേശിയായ ക്രിസ്‌റ്റോ വരടിയത്ത് എത്തിയത്. കഴിഞ്ഞ ദിവസം ശ്യാമിന്റെ വീട്ടിൽ ഒരു സംഘം ഗുണ്ടകൾ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീശ്‌ചന്ദ്ര പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡയമണ്ടിന്റെ വീട്ടിൽ സ്ഫോടക വസ്തുക്കളും

ഡയമണ്ടിന്റെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയപ്പോൾ പെട്രോൾ ബോംബ് ഉൾപ്പെടെ നിരവധി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. വീടിന്റെ പുറത്ത് ഇയാൾ

മുന്തിയ ഇനം നായ്ക്കളെയും പോത്തുകളെയും വളർത്തിയിരുന്നു. പൊലീസിൽ നിന്ന് രക്ഷതേടാനാണ് ഇയാൾ നായ്ക്കളെ വളർത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. വീടിന്റെ സിറ്റൗട്ടിൽ കുപ്പിച്ചില്ലുകൾ ചിതറി കിടക്കുന്നതായും പൊലീസ് പറഞ്ഞു. ഇത് ബോംബുണ്ടാക്കുന്നതിനാണെന്നും സംശയമുണ്ട്.

ഡയമണ്ടിന്റെ വീട്ടിലിരുന്നാണ് പ്രതികൾ കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. തൃശൂർ ജില്ലയിൽ കഴിഞ്ഞ നാലരമാസത്തിനിടെ 405 കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.