ന്യൂയോർക്ക്: ബിറ്ര്‌കോയിനിൽ നിക്ഷേപിച്ച് കൈപൊള്ളിയവരുടെ പട്ടികയിൽ ഇടംനേടി ആഗോള ബിസിനസ് പ്രമുഖനും ജപ്പാനിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ സോഫ്‌റ്ര്‌ബാങ്കിന്റെ സ്ഥാപക ചെയർമാനുമായ മസയോഷി സോൺ. 130 മില്യൺ ഡോളറിന്റെ (ഏകദേശം 900 കോടി രൂപ) വ്യക്തിപരമായ നഷ്‌ടമാണ് അദ്ദേഹത്തിനുണ്ടായത്.
സാങ്കല്‌പിക നാണയമായ ബിറ്ര്‌കോയിന്റെ മൂല്യം 2017 ഡിസംബറിൽ 20,000 ഡോളർ വരെ ഉയർന്നപ്പോഴാണ് അദ്ദേഹം നിക്ഷേപം നടത്തിയത്. സുരക്ഷിത നിക്ഷേപമാർഗമല്ലെന്ന് ചൂണ്ടിക്കാട്ടി ബിറ്ര്‌കോയിനെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചതോടെ മൂല്യം പിന്നീട് 5,000 ഡോളറിലേക്ക് കൂപ്പുകുത്തി. വാങ്ങിയതിനേക്കാൾ തീരെക്കുറഞ്ഞ വിലയ്ക്ക് ബിറ്ര്‌കോയിൽ വിറ്റുമറിക്കേണ്ടി വന്നതിലൂടെയാണ് മസയോഷി വൻ നഷ്‌ടം രുചിച്ചത്. ഇന്ത്യയിൽ അടക്കം വലിയ നിക്ഷേപങ്ങളുള്ള കമ്പനിയാണ് സോഫ്‌റ്ര്‌ബാങ്ക്.