ചെന്നൈ: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി. ടിക്ടോക്കിലെ വിവാദ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ വിശദീകരണം അംഗീകരിച്ചാണ് വിലക്ക് നീക്കാൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.
അശ്ലീലദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോടതി ടിക് ടോക്കിനോട് നിർദ്ദേശിച്ചിട്ടുണ്ട്. അശ്ലീലദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കോടതിയലക്ഷ്യമായി കണ്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും മദ്രാസ് ഹൈക്കോടതി ടിക് ടോക്കിനെ ഓർമിപ്പിച്ചു.
അശ്ലീല ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്ന് അഭിഭാഷകനായ മുത്തുകുമാർ നൽകിയ കേസിലാണ് ഏപ്രിൽ മൂന്നിന് ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ഏപ്രിൽ 18ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ടിക് ടോക്ക് പിൻവലിച്ചിരുന്നു.
തുടർന്ന് കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് കേസ് വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. നിരോധനം നീക്കിയതോടെ ആപ്ളിക്കേഷൻ വീണ്ടും പ്ലേ സ്റ്റോറിൽ ലഭ്യമാകും.