ന്യൂഡൽഹി: അധികം ദേഷ്യപ്പെടാത്ത ആളാണ് താനെന്നും ഈ സ്വഭാവം മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബോളിവുഡ് നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി ഇക്കാര്യം തുറന്ന് പറഞ്ഞത്. ദേഷ്യം വരുമ്പോൾ അത് ഇല്ലാതാക്കാൻ ഒരു മാർഗമുണ്ടെന്നും ഈ ശീലം സ്വയം വളർത്തിയെടുത്തതാണെന്നും മോദി വിശദീകരിച്ചു.
ദേഷ്യപ്പെടുത്തുന്ന എന്തെങ്കിലും സംഭവിച്ചാൽ ഒരു പേപ്പറിൽ മുഴുവനായും ആ സംഭവം എഴുതും. എന്താണ് സംഭവിച്ചത്? എന്താണ് താൻ ചെയ്തത്? എന്തു കൊണ്ടിത് സംഭവിച്ചു? അങ്ങനെ എല്ലാം. ഒന്നിനെയും ന്യായീകരിക്കാൻ ശ്രമിക്കാറില്ല. ഇത്രയും ചെയ്തതിനു ശേഷം താൻ ആ പേപ്പർ കീറി, അത് എറിഞ്ഞുകളയും. പിന്നെയും ആ സംഭവം തന്നെ ബാധിക്കുന്നുവെന്നു തോന്നിയാൽ ഈ ചെയ്തത് വീണ്ടും ആവർത്തിക്കും. ഇങ്ങനെയാണ് എന്റെ തെറ്റുകളും കണ്ടുപിടിക്കുന്നത്. തന്നെത്തന്നെ ഈ രീതിയിലാണ് പരിശീലിപ്പിച്ചതെന്നും മോദി പറഞ്ഞു.
ചെറുപ്പത്തിൽ തന്നെ കുടുംബം വിട്ട് നാടുവിടേണ്ട അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ചായക്കടയിൽ നിന്നാണ് താൻ ഹിന്ദി പഠിച്ചതെന്നും ചെലവിനായി അമ്മ ഇപ്പേഴും പണം അയച്ചുതരാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത് വരെ സ്വന്തം വസ്ത്രങ്ങൾ താൻ തന്നെയാണ് അലക്കിയിരുന്നത് മോദി കൂട്ടിച്ചേർത്തു.