ന്യൂഡൽഹി: സുപ്രീം കോടതി ചിഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി കൈകാര്യം ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് പരാതി ഉന്നയിച്ച മുൻ കോടതി ജീവനക്കാരി. തന്റെ പരാതി ഏകപക്ഷീയമായി തള്ളുമെന്നാണ് ആശങ്കയുള്ളതെന്ന് അവർ പറഞ്ഞു. പരാതി അന്വേഷിക്കാൻ സുപ്രിംകോടതി നിയമിച്ച മൂന്നംഗസമിതിക്കെതിരെയും അവർ രംഗത്തെത്തി. സമിതി അംഗമായ ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശകനാണെന്നും അവർ ആരോപിച്ചു. ജസ്റ്റിസ് രമണയെ സമിതിയിൽ ഉൾപ്പെടുത്തിയതിലും ആശങ്കയുണ്ടെന്ന് അവർ വെളിപ്പെടുത്തി. പരാതി നൽകിയതിന്റെ പേരിൽ തന്നെ ഒറ്റപ്പെടുത്താനും അവഗണിക്കാനുമാണ് ശ്രമമെന്നും അവർ പറഞ്ഞു.
ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്‌റ്റിനെതിരെ പരാതി ഉന്നയിക്കാൻ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്ന ആരോപണം ഉന്നയിച്ച അഭിഭാഷകൻ ഉത്സവ് സിംഗ് ബയൻസ് ഇന്ന് സുപ്രീം കോടതിയിൽ ഹാജരാകുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുപ്രീം കോടതി കേസിൽ ചില നടപടികളിലേയ്ക്ക് കടന്നത്. കേസിൽ നിർണായകമായ തെളിവുകളാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനാൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് സി.ബി.ഐ, ഐ.ബി ഡയറക്ടർമാരെയും ഡൽഹി പൊലീസ് കമ്മീഷണറെയും കോടതി വിളിച്ചുവരുത്തിയിരുന്നു. ചീഫ് ജസ്‌റ്റിസിനെ രാജിവപ്പിക്കാൻ രാജ്യത്തെ ഒരു പ്രമുഖ കോർപറേറ്റ് സ്ഥാപനമാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്നും ഉത്സവ് സിംഗ് ബയൻസ് ആരോപിച്ചിരുന്നു. ഇതിനായി ചിലർ തന്നെ സമീപിച്ചിരുന്നെന്നും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യത്തിൽ അദ്ദേഹം ചില തെളിവുകളും കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഇദ്ദേഹത്ത് മതിയായ സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്‌തു.