അടിമാലി: തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് ഓടി വനത്തിനുള്ളിൽ അകപ്പെട്ടവരെയും മറ്റും രക്ഷിക്കാനെത്തിയവർ തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ എട്ട് പേർക്ക് പരിക്കേറ്റു.
കുറത്തിക്കുടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനം കാട്ടാന കുത്തിമറിച്ചു. അതിനുമുമ്പ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ കുറത്തിക്കുടിയിലേക്കുള്ള പാതയിൽ എളംബ്ലാശേരി ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. കുറത്തിക്കുടിയിലെ പോളിംഗ് ബൂത്തുകളുടെ ഭാഗത്ത് മൊബൈൽ നെറ്റ്‌വർക്ക് സംവിധാനം ഇല്ലാത്തതിനെ തുടർന്ന് ഇടുക്കി ടെലികമ്മ്യൂണിക്കേഷൻ എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി. പോളിംഗ് കഴിഞ്ഞ് രാത്രിയിൽ ഇവർ അടിമാലിക്ക് മടങ്ങവേയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പാതയുടെ കുറുകെ നിന്നിരുന്ന കാട്ടാന വയർലെസ് സെറ്റ് ഘടിപ്പിച്ചിരുന്ന ജീപ്പ് കുത്തിമറിച്ചു. അതിനൊപ്പം പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനം ആനയെ കണ്ട് പിറകോട്ട് എടുക്കുന്നതിനിടയിൽ മറിഞ്ഞു. വിവരമറിഞ്ഞ് പഴംമ്പള്ളിച്ചാലിൽ നിന്ന് നാട്ടുകാരും പൊലീസും വനപാലകരും ഉൾപ്പെടെ എത്തി. ഇവർ കാട്ടാനയെ തുരത്തി വയർലെസ് സംഘത്തെയും ഒപ്പമുണ്ടായിരുന്ന മറ്റാളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനുശേഷമാണ് വനം- പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ രക്ഷപ്പെടുത്താനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അപകടത്തിൽപ്പെട്ട വാഹനം തിരികെ കൊണ്ടുപോകാൻ എത്തിയ വാഹനത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ചിത്രം പതിച്ചിരുന്നതാണ് സംഘർഷത്തിനിടയാക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ കോൺഗ്രസ്, സി.പി.എം പ്രവർത്തകർ അടിമാലിയിലും കോതമംഗലത്തുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
പോളിംഗ് സാമഗ്രികൾ നേരത്തേ
കുറത്തിക്കുടിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ നേരത്തേ മറ്റൊരു വാഹനത്തിൽ പുറത്തെത്തിച്ചിരുന്നു. ഏറ്റവും ഒടുവിൽ അഞ്ചംഗ വയർലെസ് സംഘം സഞ്ചരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്.