മുംബയ്: തന്നെ 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി"യായി (ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡർ) പ്രഖ്യാപിച്ച കോടതി നടപടി, സാമ്പത്തിക വധശിക്ഷയ്ക്ക് തുല്യമാണെന്ന ആരോപണവുമായി വിവാദ വ്യവസായി വിജയ് മല്യ. എസ്.ബി.ഐ ഉൾപ്പെടെയുള്ള ബാങ്കുകളുടെ കൺസോർഷ്യത്തെ 9,000 കോടി രൂപ പറ്റിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യയെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന മുംബയ് പ്രത്യേക കോടതി കഴിഞ്ഞ ജനുവരിയിലാണ് 'പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി'യായി പ്രഖ്യാപിച്ചത്.
2018 ആഗസ്‌റ്രിൽ പ്രാബല്യത്തിൽ വന്ന ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി) അപേക്ഷ പ്രകാരമായിരുന്നു നടപടി. ഇതിന്റെ ചുവടുപിടിച്ച് മല്യയുടെ മുഴുവൻ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടിയും ഇ.ഡി തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ഇന്നലെ ബോംബെ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് തനിക്ക് കിട്ടിയത് 'സാമ്പത്തിക വധശിക്ഷ"യാണെന്ന് മല്യ പറഞ്ഞത്.
സ്വത്ത് വിറ്റഴിച്ച് ബാങ്കുകൾക്ക് നൽകാനുള്ള പണം വീട്ടാൻ തനിക്ക് കഴിയും. എന്നാൽ, സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനാൽ ഇപ്പോൾ സ്വന്തം സ്വത്തിനുമേലുള്ള അവകാശം നഷ്‌ടമായി. നാളുകൾ കഴിയുന്തോറും കടബാദ്ധ്യതയും പലിശഭാരവും കൂടുകയാണ്. ഇത് സാമ്പത്തിക വധശിക്ഷ ലഭിച്ചതിന് തുല്യമായ അവസ്ഥയാണെന്ന് മല്യ ബോധിപ്പിച്ചു. എന്നാൽ, മല്യയുടെ വാദത്തെ എതിർത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ ആഭിഭാഷകൻ ഡി.പി. സിംഗ്, ഫ്യൂജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്‌സ് ആക്‌ട് കാടൻ നിയമമല്ലെന്നും മല്യയെ പോലുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നും പറഞ്ഞു.
എല്ലാവരുടെയും വാദം കേട്ടശേഷമാണ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടുന്നതെന്നും ഡി.പി. സിംഗ് പറഞ്ഞു. ലണ്ടനിലുള്ള മല്യയ്ക്ക് വേണ്ടി അഭിഭാഷകൻ അമിത് ദേശായിയാണ് ഹൈക്കോടതിയിൽ ഹാജരായത്. സ്വത്ത് കണ്ടുകെട്ടുന്ന നടപടി റദ്ദാക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, എൻഫോഴ്‌സ്‌മെന്റിന്റെ വാദം ശരിവച്ച ജസ്‌റ്രിസുമാരായ രഞ്ജിത്ത് മോറെ, ഭാരതി ദാൻഗ്രേ എന്നിവരടങ്ങിയ ബെഞ്ച് മല്യയുടെ ആവശ്യം തള്ളി.