ആലപ്പുഴ : 51 ാമത് ജന്മദിനം അനാഥ മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം ചെലവിട്ട് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളി. ആർഭാടങ്ങളെല്ലാം ഒഴിവാക്കി.ജന്മദിനമായ ഇന്നലെ രാവിലെ കണിച്ചുകുളങ്ങര ദേവി ക്ഷേത്ര ദർശനത്തിനു ശേഷം ചേർത്തലയിലെയും പരിസരങ്ങളിലെയും അനാഥാലയങ്ങളിലെത്തിയ തുഷാർ അവർക്ക് ഭക്ഷണം വിളമ്പി .ഏറെനേരം ഇവിടെ ചെലവഴിച്ചിട്ടാണ് മടങ്ങിയത്. മേടമാസത്തിലെ ഉത്തൃട്ടാതിയാണ് തുഷാറിന്റെ ജന്മനക്ഷത്രം.
ഉച്ചയ്ക്ക് ശേഷം ബി.ഡി.ജെ.എസിന്റെ നേതാക്കളുമായി ചർച്ച നടത്തി. തങ്ങൾ മത്സരിച്ച മാവേലിക്കര,ഇടുക്കി,ആലത്തൂർ,വയനാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. സംസ്ഥാനത്ത് എൻ.ഡി.എയ്ക്ക് അനുകൂലമായ തരംഗമാണെന്ന് തുഷാർ പറഞ്ഞു. പുതിയ വോട്ടർമാരുൾപ്പെടെ എൻ.ഡി.എയ്ക്ക് അനുകൂലമായി നിന്നതിന്റെ ഫലമായാണ് വയനാട്ടിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവുണ്ടായത്. ആദിവാസിയായ യോഗിയെ വെടിവച്ചു കൊന്ന കോൺഗ്രസിന് ഇന്ന് ആദിവാസികളെക്കുറിച്ച് സംസാരിക്കാൻ ലജ്ജ തോന്നുന്നില്ലേയെന്ന് തുഷാർ ചോദിച്ചു. പ്രളയം തകർത്തെറിഞ്ഞ വയനാടിനെ കരകയറ്റാൻ എൻ.ഡി.എ.യുടെ വിജയം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എൻ.ഡി.എയ്ക്ക് ഇവിടെ വലിയ വിജയം ഇക്കുറി ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു.