വടകര: എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനും ആർ.എം.പി നേതാവ് കെ കെ രമയും തമ്മിൽ വാക്പോര്. വോട്ടെടുപ്പിന് ശേഷം ആരോപണങ്ങളുമായി ഇരുനേതാക്കളും രംഗത്തെത്തി. തലയ്ക്കു വെളിവില്ലാത്ത ആളാണ് ജയരാജൻ എന്ന് കെ.കെ.രമ പരിഹസിച്ചു. എന്നാൽ ഇതിനെതിരെ ഇന്നലത്തെ മഴയിൽ മുളച്ച തകരയാണ് രമ എന്ന് ജയരാജനും തിരിച്ചടിച്ചു.
തിരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പി വോട്ട് ആർക്കാണ് ആർക്കാണ് പോയത് എന്നതിനെ ചൊല്ലിയാണ് വാക്ക്പോര് തുടങ്ങിയത്. വോട്ടെണ്ണി കഴിയുമ്പോൾ ആർ.എം.പി ഇല്ലാതാവുമെന്ന് പറഞ്ഞാണ് പി. ജയരാജൻ രംഗത്തെത്തിയത്. ആർ.എം.പി പ്രവർത്തകർ തനിക്കാണ് വോട്ട് ചെയ്തതെന്നും ജയരാജൻ പറഞ്ഞിരുന്നു. തുടർന്ന് കൈപ്പത്തിക്ക് വോട്ടു ചെയ്യാനാവില്ലന്ന് പറഞ്ഞ ആർ.എം.പിക്കാരെ നേരിട്ടറിയാം അതിന്റെ അടിസ്ഥാനത്തിലാണ് താൻ പറഞ്ഞെതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെതിരെ രമ തുറന്നടിച്ചു. വോട്ടെണ്ണുമ്പോൾ ജയരാജൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്നും രമ പറഞ്ഞു. എന്നാൽ ഇന്നലത്തെ മഴയ്ക്ക് മുളച്ചവരോട് മറുപടി പറയുന്നില്ലന്ന് ജയരാജൻ പറഞ്ഞു. ആർ.എം.പി വോട്ട് യു.ഡി.എഫിന് തന്നെയാണ് ലഭിച്ചതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു.