വടകര: കേരളത്തിൽ ഇരുപത് മണ്ഡലങ്ങളും യു.ഡി.എഫ് തൂത്തുവാരുമെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധി മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ജയിക്കും. വടകര, കണ്ണൂർ മണ്ഡലങ്ങളിൽ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. അതൊന്നും യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല.
2009ൽ തനിക്ക് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഇത്തവണ കെ മുരളീധരൻ വിജയിക്കും. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ജയരാജന്റെ നാട്ടിലും പരിസരത്തും വ്യാപമായി കള്ളവോട്ട് നടന്നു.
മുഖ്യമന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പോലും അസഹിഷ്ണുത കാണിക്കുകയാണ്. അദ്ദേഹം ധാർഷ്ട്യവും ധിക്കാരവും അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ എന്ത് കൊണ്ടാണ് മാദ്ധ്യമ പ്രവർത്തകർ പ്രതികരിക്കാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ആർ. എം.പി.ഐ വോട്ട് എൽ.ഡി.എഫിന് ലഭിച്ചെന്നു പറയുന്ന പി. ജയരാജൻ കഥയറിയാതെ ആട്ടം കാണുകയാണ്. പിണറായി വിജയന്റെയും പി.ജയരാജന്റെയും തെറ്റായ നിലപാടുകളാണ് ഒഞ്ചിയത്ത് ആർ.എം.പി.ഐ ഉണ്ടാകാൻ കാരണമായത്. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നവരാണ് സി.പി.എമ്മുകാർ. ആത്മാഭിമാനമുള്ള ഒരു കമ്മ്യൂണിസ്റ്റും പി ജയരാജന് വോട്ടു ചെയ്യില്ല. കെ മുരളീധരന് ആർ.എം.പി.ഐ സ്വമേധയാ പിന്തുണ നൽകുകയായിരുന്നു. അക്രമ രാഷ്ട്രീയത്തിന്റെ പ്രതിനിധിക്കെതിരെ അവർ ശക്തമായി രംഗത്തു വന്നതാണ്. കെ.മുരളീധരന്റെ വിജയത്തിനു വേണ്ടി ജാഗ്രതയോടെ ആർ.എം.പി.ഐ പ്രവർത്തിച്ചെന്നും സോഷിലിസ്റ്റുകാർ യു.ഡി.എഫിന് വോട്ടു ചെയ്തെന്നും മുല്ലപ്പള്ളി പറഞ്ഞു.