ശ്രീനഗർ: പുൽവാമ ആക്രമണത്തിന് ശേഷം 41 ഭീകരരെ വധിച്ചതായും അതിൽ 25 പേർ ജയ്ഷെ മുഹമ്മദ് ഭീകരരാണെന്നും സൈനിക വൃത്തങ്ങളുടെ വെളിപ്പെടുത്തൽ ജെയ്‌ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണെന്നും 15 കോപ്സ് കമാൻഡർ ലെഫ്ടനന്റ് ജനറൽ കെ.ജി.എസ് ധില്ലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു.
നിയന്ത്രണ രേഖയ്ക്ക് സമീപവും ഉൾപ്രദേശങ്ങളിലുമുള്ള പരിശോധനകൾ തുടരും. പഴയഅവസ്ഥയിലേക്ക് താഴ്‌വരയെ തിരിച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. തീവ്രവാദികളുടെ സാന്നിദ്ധ്യം ചെറിയ തോതിൽ ഇപ്പോഴും താഴ്‌വരയിലുണ്ട്. അവരെയും ഉടൻ അമർച്ച ചെയ്തതായും തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് നിരവധി യുവാക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായും അദ്ദേഹം അറിയിച്ചു.
നാട്ടുകാരിൽ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കെ.ജി.എസ് ധില്ലൻ വ്യക്തമാക്കി.