voting

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പ്രവർത്തകരും പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.

തൃശൂരിലെ എൽ.ഡി.എഫ് കൊട്ടിക്കലാശത്തിൽ അലങ്കരിച്ച വാഹനത്തിൽ പൂരങ്ങൾക്ക് ഉപയോഗിക്കുന്ന വർണ്ണക്കുടയുടെ മാതൃകയിൽ ചുവന്ന പശ്ചാത്തലത്തിൽ അയ്യപ്പന്റെ രൂപവും ഭാവവും പ്രതിഫലിക്കുന്ന രീതിയിൽ ചിത്രങ്ങൾ ആലേഖനം ചെയ്ത് പ്രദർശിപ്പിച്ചുവെന്നും അത് പെരുമാറ്റച്ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഫാേട്ടോ സഹിതമാണ് പരാതി നൽകിയത്. തിരഞ്ഞെടുപ്പ് ദിവസം കൈരളി ചാനലിൽ, ഓർത്തഡോക്സ് സഭയുടെ വക്താക്കൾ തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം പ്രക്ഷേപണം ചെയ്തതും ചട്ടലംഘനമാണെന്നും പരാതിയിലുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ അകാരണമായി നീക്കം ചെയ്തതായും ബി.ജെ.പി പരാതിപ്പെട്ടു.