പത്തനംതിട്ട : ചരിത്രത്തിൽ ആദ്യമായി 10 ലക്ഷത്തിലേറെപേർ വോട്ട് ചെയ്ത പത്തനംതിട്ട മണ്ഡലത്തിൽ പോളിംഗ് ശതമാനം ഉയർന്നത് ആർക്ക് നേട്ടമാകുമെന്ന ചർച്ച കൊഴുക്കുന്നു. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നു. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലമാണ് പത്തനംതിട്ട. അതിനാൽ വിശ്വാസികളുടെ വോട്ടാണ് തനിക്ക് ലഭിച്ചതെന്നും പോളിംഗ് ശതമാനം കൂടിയത് അതിനാലാണെന്നും എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ അവകാശപ്പെടുന്നു.
അതേസമയം മതേതര വോട്ടുകളും വിശ്വാസികളുടെ വോട്ടും യു.ഡി.എഫിനെ വിജയിപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ക്യാമ്പുകൾ. വർഗീയ ചേരിതിരിവുണ്ടാക്കി വോട്ട് പിടിക്കാനുള്ള ബി.ജെ.പി, ആർ.എസ്.എസ് ശ്രമങ്ങൾ വിലപ്പോകില്ലെന്നും വർഗീയ ധ്രുവീകരണത്തെ പത്തനംതിട്ടയിലെ വോട്ടർമാർ തോൽപ്പിക്കുമെന്നും ഇടത് സ്ഥാനാർത്ഥി വീണാ ജോർജ് അവകാശപ്പെടുന്നു.
13 ലക്ഷത്തിലേറെ വോട്ടർമാരുള്ള പത്തനംതിട്ടയിൽ 74.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മണ്ഡലത്തിലെ 10,22,763 പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്. എട്ട് ശതമാനം വോട്ടുകളാണ് ഇത്തവണ കൂടുതലായി പോള്‍ ചെയ്യപ്പെട്ടത്. എന്നാൽ ഇത്തവണ പോളിംഗ് കൂടിയത് ആരെ തുണയ്ക്കുമെന്ന കാര്യത്തിൽ ഫലം വരുന്നത് വരെ കാത്തിരുന്നേ മതിയാകൂ.
പത്ത് ലക്ഷത്തിലേറെ വോട്ടുകൾ പോൾ ചെയ്യതാനൽ ചുരുങ്ങിയത് മൂന്നര ലക്ഷം വോട്ടെങ്കിലും വിജയം ഉറപ്പിക്കാൻ ആവശ്യമാണ്. മൂന്ന് മുന്നണികളും ഒരുപോലെ വോട്ട് പിടിച്ചാൽ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങും.
ഹിന്ദുവിഭാഗങ്ങളുടെ ശക്തികേന്ദ്രമായ ആറൻമുള, കോന്നി, അടൂർ മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ ക്രൈസ്തവ വോട്ടുകൾക്ക് പ്രാധാന്യമുള്ള കാഞ്ഞിരപ്പിള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പൂഞ്ഞാറിൽ പി.സി.ജോർജ് അനുകൂല വോട്ട് എൻ.ഡി.എയ്ക്ക് ലഭിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.
യു.ഡി.എഫിലെയും എൽ.ഡി.എഫിലേയും ഹിന്ദു വോട്ടുകൾ താമരയ്ക്ക് ചോർന്നതായി ബി.ജെ.പി പറയുന്നു.
2014ൽ 3,58,842 വോട്ടുകൾ നേടിയാണ് ആന്റോ ആന്റണി വിജയിച്ചത്. മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾ 2014ൽ എൽ.ഡി.എഫ് നേടിയിരുന്നു. എന്നാൽ ബി.ജെ.പി നേടിയത് 1,38,954 വോട്ടുകളാണ്. കഴിഞ്ഞ തവണത്തേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾ ഇടത് – വലത് പാളയത്തിൽ നിന്നായി അടര്‍ത്തിയാൽ മാത്രമേ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് വിജയിക്കാനാവൂ. ശക്തമായ അടിയൊഴുക്കുകളായിരിക്കും ഇത്തവണ പത്തനംതിട്ടയിലെ ഫലം നിർണയിക്കുക.