യുവതാരം പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ.ചിത്രം തിയേറ്ററുകളിൽ 150 കോടി പിന്നിട്ട് പ്രദർശനം തുടരുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനായി മോഹൻലാൽ ആരാധകരെ കെെയ്യിലെടുത്തിയികയാണ്. എന്നാൽ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന് പിന്നിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് ചിത്രത്തിന്റെ ക്ലെെമാക്‌സിൽ മനസിലാകുന്നു.
'ഇല്യൂമിനാറ്റി' പോലെയുള്ള നിഗൂഢതാ സിദ്ധാന്തങ്ങൾക്കും സംവിധായകൻ ചിത്രത്തിൽ പ്രാധാന്യം നൽകുന്നുണ്ട്. ചില ചിഹ്നങ്ങളിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പ്രേക്ഷകർക്ക് സൂചന നൽകിയത്. ക്ലൈമാക്‌സിൽ അബ്രാം ഖുറേഷിയായി മോഹൻലാൽ എത്തിയതോടെ ആരാധകരുടെ ആകാംക്ഷ പതിന്മടങ്ങായി. ചിത്രത്തിലെ നിഗൂഢതകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. അതിൽ പ്രധാനമായും ഒറ്റ ചോദ്യമേ ഉള്ളൂ. ആരാണ് ഖുറേഷി അബ്രാം?.
ലോകത്തിലെ അധികാരവൃത്തങ്ങൾ നിയന്ത്രിച്ച് രഹസ്യാന്വേഷണ ഏജൻസികളിലേക്ക് പോലും പിടികൊടുക്കാനാകാത്ത സന്നാഹങ്ങളുള്ളതാണ് അബ്രാം ഖുറേഷിയുടെ സാമ്രാജ്യമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ന്യൂയോർക്ക് ടൈംസും ഗാർഡിയനും ഡോണും പോലെയുള്ള ലോകത്തിലെ പ്രധാന വർത്തമാനപത്രങ്ങളിൽ അബ്രാം ഖുറേഷിയെക്കുറിച്ച് പ്രസിദ്ധീകരിച്ചു എന്ന തരത്തിലുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
ഇതിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന ഭീകരാക്രമണത്തെക്കുറിച്ച് വിവരം നൽകിയിട്ടുള്ള ആളാണ് അബ്രാം ഖുറേഷിയെന്നും പറയുന്നു. എന്നാൽ ഇതുവരയും പിടിക്കപ്പെടാത്തതിനാൽ കൃത്യമായി വിവരങ്ങൾ ലഭിക്കുന്നില്ല. മയക്കുമരുന്ന് മാഫിയകൾക്ക് എപ്പോഴും പേടിസ്വപ്‌നമാണ് അബ്രാം ഖുറേഷിയെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.