narendra-modi-

കമർപറ (പശ്ചിമബംഗാൾ): 20-25 സീറ്റുകളിൽ മത്സരിക്കാത്തവർ പോലും രാജ്യത്തെ പ്രധാനമന്ത്രിയാകുന്നതിനു തയ്യാറായി നിൽക്കുകയാണെന്ന് നരേന്ദ്രമോദിയുടെ പരിഹാസം. പശ്ചിമബംഗാളിലെ റാണാഘട്ടിൽ തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഉന്നമിട്ടാണ് മോദിയുടെ പ്രസ്താവന. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന നാണക്കേടാണെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി പ്രതികരിച്ചു. പ്രധാനമന്ത്രി പദവിക്ക് നിരക്കുന്നതല്ല ഈ പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷമായ വിമർശനമാണ് മോദി നടത്തിയത്. സി.പി.എം ചെയ്തതിനേക്കാൾ മോശമാണ് മമതാ ബാനർജി ചെയ്തത്. ജനങ്ങളെ അവർ വഞ്ചിച്ചു. ഗുണ്ടകൾക്കു വേണ്ടി പ്രവർത്തിക്കുന്ന മമത ജനങ്ങളോടു മമതയില്ലാതെയാണു പെരുമാറുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.


തിരഞ്ഞെടുപ്പിന്റെ മൂന്നുഘട്ടം പൂർത്തിയായതോടെ പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജിയുടെ സൂര്യൻ അസ്തമിക്കാൻ പോവുകയാണെന്ന് വ്യക്തമായതായും മോദി കൂട്ടിച്ചേർത്തു.