രോമാവൃതമായ സ്ത്രീശരീരത്തെ സൗന്ദര്യസങ്കല്പങ്ങലിൽ നിന്ന് മാറ്റിനറുത്താറാണ് പതിവ്. രോമം നിറഞ്ഞ മുഖത്തിനും കൈത്തണ്ടകൾക്കും കാലുകൾക്കും ഫാഷൻ ലോകത്തും സ്ഥാനമില്ല. രോമം നശിപ്പിക്കാനുള്ള ക്രീമുകളും ബ്യൂട്ടി തെറാപ്പികൾക്കും സൗന്ദര്യലോകത്ത് ഡിമാൻഡ് കൂടുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഈ സൗന്ദര്യസങ്കല്പങ്ങളെ ഒരു ഫോട്ടോസീരീസിലൂടെ ചോദ്യം ചെയ്യുകയാണ് ലണ്ടനിലെ ഫോട്ടോഗ്രാഫറായ ബെൻ ഹോപ്പർ.
രോമാവൃതമായത് മനോഹരമാണ് എന്ന ടാഗ് ലൈനോടെയാണ് ബെൻ സ്ത്രീ ശരീരങ്ങളെ കാമറയിൽ പകർത്തിയിരിക്കുന്നത്. തന്റെ ശരീരത്തിൽ രോമങ്ങളുള്ളവൾ വൃത്തിയില്ലാത്തവളാണെന്നും ആകർഷകത്വം ഇല്ലാത്തവളാണെന്നുമുള്ള കാഴ്ചപ്പാടുകളെ തകർക്കാനാണ് ബെൻ ശ്രമിക്കുന്നത്. നാച്ചുറൽ ബ്യൂട്ടി എന്നാണ് തന്റെ സീരിസിന് ബെൻ നൽകിയിരിക്കുന്ന പേര്.
മോഡലുകളും നടിമാരും ഉൾപ്പെടെ 45 സ്ത്രീകളാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ സീരിസിലൂടെ സ്ത്രീകളെല്ലാം അവരുടെ കക്ഷത്തിലെ രോമം വളർത്തണമെന്നല്ല ആവശ്യപ്പെടുന്നത്. എന്നാൽ ഇതാണ് യാഥാർത്ഥ്യമെന്നും ഇതിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും പൊള്ളയായ സൗന്ദര്യ സങ്കല്പങ്ങളിൽ ഒരു മാറ്റം വരണമെന്നുമാണ് ആഗ്രഹിക്കുന്നതെന്ന് ഹോപ്പർ പറയുന്നു.
ഫോട്ടോ സീരീസിന് വളരെ മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. നിരവധി സ്ത്രീകൾ തങ്ങളുടെ ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യാതെ തങ്ങളുടെ ചിത്രവുമെടുക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചതായും ബെൻ പറയുന്നു.
എന്നാൽ ഇത് ഇഷ്ടപ്പെടാത്ത നിരവധി ആളുകളുമുണ്ട് മോഡലുകളെല്ലാം വല്ലാതെ മെലിഞ്ഞവരാണെന്നും മേക്കപ്പ് ധരിച്ചവരാണെന്നും കൈയിനടിയിലെ രോമം കളയാൻ തയ്യാറാകാത്ത അവരിൽപലരും പുരികത്തിലെ മുടി പിഴുതുകളഞ്ഞ സുന്ദരമാക്കിയിട്ടുണ്ടെന്നും നിരൂപകർപറയുന്നു. ചിത്രങ്ങൾക്ക് പോസ് ചെയ്തവര്‍ യഥാർത്ഥ സ്ത്രീകളല്ലെന്ന് വരെ വിമർശനമുയർന്നതായി ബെൻ പറയുന്നു.