തിരുവനന്തപുരം: ഒന്നരമാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പൂരത്തിന് കഴിഞ്ഞ ദിവസത്തോടെ തിരശ്ശീല വീണു.
ഇനി സസ്പെൻസ് പെട്ടികൾ തുറക്കുന്നതിനായുള്ള നീണ്ട കാത്തിരിപ്പാണ്. 'എന്നാലും വോട്ടർമാർക്ക് ഒരു സംശയം തങ്ങൾ വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് മെഷീനുകളൊക്കെ എവിടെയാണ് " ഒരു സംശയവും വേണ്ട പെട്ടികളെല്ലാം സുരക്ഷിതമായി നിയമസഭ മണ്ഡലം തിരിച്ച് സൂക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളൊക്കെ നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം 23ന് രാത്രിയോടെയാണ് ഓരോ ബൂത്തിൽനിന്നുമുള്ള വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റും മാർ ഇവാനിയോസ് നഗറിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലുള്ള സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. വോട്ടെണ്ണൽ വരെ യന്ത്രങ്ങൾ അവിടെയുണ്ടാകും. കേന്ദ്ര സേനയുടെ കനത്ത കാവലിലാണ് കേന്ദ്രങ്ങൾ. സി.സി ടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളുമുണ്ട്.
കണ്ണുനട്ട് കാത്തിരിപ്പ്
ഇനിയുള്ള ആഘോഷം മുഴുവൻ മേയ് 23നാണ്. വോട്ടെണ്ണി തുടങ്ങുന്ന ആദ്യ മിനിട്ടുകളിൽ തന്നെ ലീഡ് നിലവരും. പിന്നെ എല്ലാം പെട്ടെന്നായിരിക്കും. കഴിഞ്ഞ തവണ തിരുവനന്തപുരത്തെ വോട്ടെണ്ണലിന് ഒരു ട്വന്റി-20 മാച്ചിന്റെ ത്രില്ലുണ്ടായിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി രാജഗോപാലുമായി ഇഞ്ചോടിഞ്ച് പോരാടിയാണ് യു.ഡി.എഫിലെ ശശി തരൂർ വിജയിച്ചു കയറിയത്. ടി.വി സ്ക്രീനിനു മുന്നിലും പോളിംഗ് സ്റ്റേഷനു മുന്നിലുമൊക്കെ ലീഡ് മാറി മറിഞ്ഞപ്പോഴൊക്കെ എന്തൊരു ത്രില്ലായിരുന്നു.അതേസമയം വോട്ടിംഗ് ശതമാനത്തിന്റെ കാര്യത്തിൽ ഗ്രാമങ്ങളെ അപേക്ഷിച്ച് ഇത്തവണ നഗരം കുറച്ച് പിന്നിലായി. അതിന്റെ കാരണം അന്വേഷിച്ച് തല പുകയ്ക്കുകയാണ് മൂന്ന് മുന്നണികളും.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി തളർന്ന പ്രവർത്തകർക്കൊക്കെ ഇന്നലെ വിശ്രമദിനമായിരുന്നു. എല്ലാം ടെൻഷനും കളഞ്ഞവർ സുഖമായി ഉറങ്ങി. സ്ഥാനാർത്ഥികളും വിശ്രമത്തിലായിരുന്നു. എന്തായാലും ഇപ്പോൾ മൈക്ക് കെട്ടിവച്ച വാഹനങ്ങൾ ഉച്ചത്തിൽ അനൗൺസ്മെന്റുമായി പായുന്നില്ല. മുക്കിലും മൂലയിലും പ്രസംഗങ്ങളില്ല. കാതടപ്പിക്കുന്ന വിധത്തിൽ ഹോണടിച്ചുകൊണ്ടുള്ള ബൈക്ക് റാലിയില്ല. റോഡ് ഷോ ഇല്ല. എല്ലാം കഴിഞ്ഞപ്പോൾ ഒരു ആശ്വാസം.
ജനവിധിക്ക് കാവലായി കേന്ദ്രസേന
തിരുവനന്തപുരം : നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ സ്ട്രോംഗ് റൂമുകളിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷയിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ് എന്നീ കേന്ദ്രസേനകളുടെ രണ്ട് കമ്പനിയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.
ഒരു കമ്പനി സായുധ പൊലീസുമുണ്ട്. കോമ്പൗണ്ടിനു പുറത്ത് പട്രോളിംഗിന് ലോക്കൽ സ്റ്റേഷൻ പൊലീസിനെയും സജ്ജമാക്കി. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ളവരെ രാവിലെയും രാത്രിയും ഷിഫ്ട് അടിസ്ഥാനത്തിലും നിയോഗിച്ചിട്ടുണ്ട്.
വർക്കല മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങൽ - സർവോദയ വിദ്യാലയ ലിറ്റിൽഫ്ളവർ ആഡിറ്റോറിയം(രണ്ടാം നില), ചിറയിൻകീഴ് - സർവോദയ വിദ്യാലയ ആഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, വാമനപുരം - സെന്റ് ജോൺസ് എച്ച്.എസ്.എസ് ഹാൾ, കഴക്കൂട്ടം - സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്സ് ബ്ലോക്ക് ആഡിറ്റോറിയം മെയിൻ ബിൽഡിംഗ്, വട്ടിയൂർക്കാവ് - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ആഡിറ്റോറിയം, നേമം - മാർ തിയോഫിലസ് ട്രെയിനിംഗ് കോളേജ്, അരുവിക്കര - ജയ് മാതാ ഐ.ടി.സി, പാറശാല - മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയം, കാട്ടാക്കട - മാർ ഇവാനിയോസ് കോളേജ് ആഡിറ്റോറിയം, കോവളം - മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ആഡിറ്റോറിയം, നെയ്യാറ്റിൻകര - മാർ ഇവാനിയോസ് കോളേജ് ബി.വി.എം.സി ഹാൾ എന്നിവിടങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കർശന സുരക്ഷാവലയത്തിലാണ്
മാർ ഇവാനിയോസ് വിദ്യാനഗറും പരിസരവും.
രാത്രിയും പകലും പ്രത്യേക പട്രോളിംഗും നടക്കും.
- സഞ്ജയ്കുമാർ ഗുരുദിൻ
സിറ്റി പൊലീസ് കമ്മിഷണർ