തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഓൺലൈൻ രജിസ്ട്രേഷന്റെ ഉദ്ഘാടനം ചലച്ചിത്രനടി ഭാമയും സംവിധായകൻ ആർ.എസ്.വിമലും ചേർന്ന് നിർവഹിച്ചു. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ.എസ്.പി ദീപക് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ജി. രാധാകൃഷ്ണൻ,ജില്ലാ ട്രഷറർ അരുൺഗോപി തുടങ്ങിയവർ പങ്കെടുത്തു.https://www.icffk.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.ഇതിനകം 500റോളം കുട്ടികൾ രജിസ്ട്രേഷൻ നടത്തി.
മേളയിൽ ഇത്തവണ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികൾക്കാവും മുൻഗണന.ആദിവാസി മേഖല, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ജില്ലാ ശിശുക്ഷേമ സമിതികൾ തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നൽകിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നൽകുന്നത്.16,000ത്തോളം കുട്ടികൾ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്.ആദ്യത്തെ മേള വലിയ വിജയമായതിനാൽ സംസ്ഥാനത്തിന് പുറത്ത് നിന്നും മേളയുടെ ഭാഗമാകാൻ പലരും താത്പര്യപ്പെട്ട് വിളിക്കുന്നുണ്ട് സെക്രട്ടറി പറഞ്ഞു.
മേയ് 10 മുതൽ 16 വരെ നടക്കുന്ന മേളയിൽ 200 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദർശനങ്ങൾ. നിശാഗന്ധിയിൽ എന്നും വൈകിട്ട് പൊതുജനങ്ങൾക്ക് സൗജന്യ പ്രദർശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകർ, ബാലതാരങ്ങൾ, പിന്നണി പ്രവർത്തകർ എന്നിവർ മേളയിൽ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പൺഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാഡമി, ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.