തിരുവനന്തപുരം: പച്ചക്കറികൾ കൊണ്ട് തന്റെ കലാപരമായ കരവിരുതുകൾ പ്രകടമാക്കുകയാണ് മുൻ അനെർട്ട് പ്രോജക്ട് ഡയറക്ടറും റിട്ട. എൻജിനിയറുമായ ടി.ഡി. കൃഷ്ണകുമാർ.
കുമാരപുരത്തെ തന്റെ വീടിന്റെ മട്ടുപ്പാവിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് കൃഷ്ണകുമാർ ആകർഷകമായ കലാസൃഷ്ടികൾ ഉണ്ടാക്കുന്നത്. പയർ, വഴുതന, ചീര, വെണ്ട, കാബേജ്, കാന്താരി, തക്കാളി തുടങ്ങിയ പച്ചക്കറികളാണ് മട്ടുപ്പാവിലെ 800 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ഏകദേശം അമ്പതോളം ഗ്രോ ബാഗുകളിലായി പൂർണമായും ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷ്ണകുമാറും ഭാര്യ ശ്രീകുമാരിയും കൃഷി ചെയ്യുന്നത്. കലാസൃഷ്ടികൾ തന്റെയാണെങ്കിലും കൃഷിയുടെ ക്രെഡിറ്റ് ഭാര്യയ്ക്കാണെന്ന് കൃഷ്ണകുമാർ പറയുന്നു.
ഭാര്യയെ കൃഷിയിൽ സഹായിക്കുക എന്നതാണ് തന്റെ ശീലം. രാവിലെയും വൈകിട്ടും കൃഷിസ്ഥലത്തെത്തി വിളകൾ പരിചരിക്കും. ദിവസവും ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഏകദേശം 20 മിനിട്ട് മുതൽ അരമണിക്കൂർ വരെ സമയമെടുത്താണ് പക്ഷികളുടെയും മറ്റും മനോഹര ദൃശ്യങ്ങൾ ഉണ്ടാക്കുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. 1980ൽ ജപ്പാൻ സർക്കാരിന്റെ സ്കോളഷിപ് ലഭിച്ച് ജപ്പാനിൽ പോയ ഇദ്ദേഹം 2002 മുതൽ ഭാഷ പഠിക്കാൻ താത്പര്യമുള്ളവർക്കും തൊഴിലന്വേഷകർക്കുമായി ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നുമുണ്ട്.
2014ൽ കെ.െഎ.െഎ.ഡി.സിയിൽ അംഗത്വമെടുത്തതിന് ശേഷമാണ് പച്ചക്കറികൾ ഉപയോഗിച്ച് കലാരൂപങ്ങൾ ഉണ്ടാക്കാൻ കൃഷ്ണകുമാർ തുടങ്ങിയത്. കെ.െഎ.െഎ.ഡി.സി ഉദ്യോഗസ്ഥർ കൃഷി ചെയ്യാനുള്ള ഉപകരണങ്ങളും ഗ്രോബാഗുകളും നൽകി. കൃഷി ചെയ്യുന്നതിന്റെ ക്വാണ്ടിറ്റി മെഷർമെന്റിന്റെ ഭാഗമായി ആദ്യമൊക്കെ കിട്ടുന്ന പച്ചക്കറികൾ കൂട്ടി വച്ച് സാധാരണ രീതിയിൽ ഫോട്ടോ എടുത്ത് അയച്ച് കൊടുക്കുമായിരുന്നു. പച്ചക്കറികളുടെ ഫോട്ടോ വെറുതേ എടുത്ത് കൊടുക്കുന്നതിന് പകരം വ്യത്യസ്തത കണ്ടെത്തുന്നതിനായാണ് പക്ഷികളുടെയും മറ്റും രൂപങ്ങൾ പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കാൻ കൃഷ്ണകുമാർ തുടങ്ങുന്നത്. ആദ്യം ചെറിയ രീതിയിൽ പച്ചക്കറികൾ അടുക്കി വച്ചാണ് ഫോട്ടോ എടുത്തിരുന്നത്. ക്രമേണ ചിത്രങ്ങൾ നോക്കിയും മനസിലെ രൂപങ്ങൾ വച്ചും വിവിധ രൂപത്തിൽ പച്ചക്കറികൾ അടുക്കി വച്ച് മനോഹര രൂപങ്ങളുണ്ടാക്കി തുടങ്ങി.
ഇങ്ങനെയുണ്ടാക്കുന്ന കലാസൃഷ്ടികളുടെ ചിത്രമെടുത്ത് സുഹൃത്തുക്കൾക്കും മറ്റും ഗുഡ്മോണിംഗ് സന്ദേശമായി അയച്ച് കൊടുക്കുകയാണ് പതിവെന്ന് കൃഷ്ണകുമാർ പറയുന്നു. കഴിഞ്ഞ ക്രിസ്മസ് കാലത്ത് താനുണ്ടാക്കിയ രൂപങ്ങളുടെ ചിത്രങ്ങൾ ഫ്രെയിം ചെയ്ത് ഒരു സുഹൃത്ത് സമ്മാനിച്ച അനുഭവവും കൃഷ്ണകുമാർ പങ്കുവച്ചു. ഇത്തരത്തിൽ രൂപങ്ങളുണ്ടാക്കുമ്പോൾ മനസിന് സന്തോഷമാണെന്നും ഹോബി എന്ന നിലയിലാണ് ഇത് ചെയ്ത് വരുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. രൂപങ്ങളുണ്ടാക്കി ചിത്രമെടുത്തതിന് ശേഷം പച്ചക്കറികൾ വീട്ടാവശ്യത്തിന് ഉപയോഗിക്കാറാണ് പതിവെന്നും മിച്ചം വരുന്ന പച്ചക്കറികൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നൽകുമെന്നും കൃഷ്ണകുമാറിന്റെ ഭാര്യ ശ്രീകുമാരി പറയുന്നു.
ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന കർഷക കൂട്ടായ്മയായ കൃഷിഭൂമിയിലെ അംഗമാണ് കൃഷ്ണകുമാർ. കാർഷിക കോളേജിലെ റിട്ട. പ്രൊഫസർമാർ ഉൾപ്പെടെ കൃഷിയെ സ്നേഹിക്കുന്ന നിരവധി ആൾക്കാർ അംഗമായ ഗ്രൂപ്പിൽ നിന്ന് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടിയും വേണ്ട മാർഗ നിർദ്ദേശങ്ങളും ലഭിക്കും. ഒന്നരവർഷം മുമ്പാണ് ഈ കൂട്ടായ്മയിൽ അംഗമായതെന്നും എല്ലാ ഞായറാഴ്ചയും കൂട്ടായ്മയിലെ അംഗങ്ങൾ തങ്ങൾക്ക് കിട്ടിയ പച്ചക്കറികളുമായി വിപണനത്തിന് കുമാരപുരം, പിള്ളവീട് ലെയിനിൽ ഒത്തുകൂടുമെന്നും കൃഷ്ണകുമാർ പറയുന്നു. നിലവിൽ അസോസിയേഷൻ ഫോർ ഓവർസീസ് ടെക്നിക്കൽ സ്കോളർഷിപ് ജപ്പാൻ (എ.ഒ.ടി.എസ്) അലുമ്നി സൊസൈറ്റി ട്രിവാൻഡ്രം സബ്സെന്റർ പ്രസിഡന്റാണ് ഇദ്ദേഹം. െഎ.ടി എൻജിനിയറായ നിശാന്ത്, ആർക്കിടെക്ടായ നീത എന്നിവരാണ് മക്കൾ.