തിരുവനന്തപുരം: നഗരത്തിലെ രാത്രി കാഴ്ചകൾക്ക് കൂടുതൽ വെളിച്ചം പകരാൻ പ്രധാന ജംഗ്ഷനുകളിലും തിരക്കേറിയ ഇടങ്ങളിലും കൂടുതൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ നഗരസഭാ അധികൃതർ തീരുമാനിച്ചു.
ഓരോ വാർഡിലും നാനൂറ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്കാണ് അനുമതിയായത്. ആവശ്യമുള്ള ഇടങ്ങളിൽ പുതിയവ സ്ഥാപിക്കാനും അല്ലാത്തയിടങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനുമാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 16.5 കോടി രൂപയാണ് അധികൃതർ മാറ്റി വച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ആയതിനാലാണ് പദ്ധതിക്ക് കാലതാമസം വരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ പദ്ധതി കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടും. അടുത്ത കൗൺസിലിൽ പദ്ധതി പ്രഖ്യാപിച്ചശേഷം ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി സർക്കാർ അംഗീകൃത ഏജൻസിക്ക് കരാർ നൽകാനും തീരുമാനിച്ചെന്ന് അധികൃതർ അറിയിച്ചു.
90 ലക്ഷത്തിന്റെ കറണ്ട് ബില്ല്
നിലവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന വൈദ്യുതി ഉപയോഗത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ചെലവാകുകയുള്ളൂ. ഹൈമാസ്റ്റ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അമിത വൈദ്യുതി ഉപയോഗത്തിനിടയാകുമെന്നും പ്രതിമാസം 90 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് ഇനത്തിൽ നഗരസഭ കെ.എസ്.ഇ.ബിക്ക് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. അതിനാൽ തന്നെ എം.പി, എം.എൽ.എ ഫണ്ട് ഉപയോഗിച്ചു തെരുവു വിളക്കുകൾ സ്ഥാപിക്കരുതെന്ന് 2017 നവംബറിൽ മേയർ വി.കെ. പ്രശാന്ത് സർക്കുലർ ഇറക്കുകയും പ്രതിപക്ഷം നഗരസഭയ്ക്കുള്ളിൽ വച്ച് മേയറെ കൈയേറ്റം ചെയ്തതടക്കമുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു.
അറ്റകുറ്റപ്പണി ആര് ഏറ്റെടുക്കും
നഗരത്തിൽ 85,000 ഫ്ലൂറസെന്റ് ട്യൂബുകളും 15,000 സോഡിയം വേപ്പർ ലാമ്പുകളും 100ലധികം ഹൈമാസ്റ്റ് ലൈറ്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയുൾപ്പെടെ ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണ്. എന്നാൽ പലപ്പോഴും കേടായ തെരുവ് വിളക്കുകൾ ഉൾപ്പെടെ കെ.എസ്.ഇ.ബി തന്നെ നേരിട്ടോ കരാറുകാരെ വച്ചോ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു പതിവ്. ഈ വകയിൽ ബോർഡിന് കടം പെരുകിയപ്പോൾ നേരിട്ടുള്ള അറ്റകുറ്റപ്പണി നിറുത്തി. മാത്രമല്ല തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഓർമിപ്പിച്ച് 2013ൽ സർക്കാർ തന്നെ സർക്കുലർ ഇറക്കുകയും ചെയ്തു.
ഹൈമാസ്റ്റ് ലൈറ്റുകൾ വെള്ളാനകൾ
ഹൈമാസ്റ്റ് ലൈറ്റുകളുടെ തുടർ പരിപാലനത്തിന് ലക്ഷങ്ങളാണ് നഗരസഭയ്ക്ക് മുടക്കേണ്ടിവരുന്നത്. പലയിടങ്ങളിലും കൊട്ടിഘോഷിച്ച് സ്ഥാപിക്കുന്ന ലൈറ്റുകൾ ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം മാനം നോക്കി വെറുതേ നിൽപ്പാണ്. നാട്ടുകാർ പരാതിയുമായി വന്നാൽ പോലും അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നുമില്ല. ബില്ലടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന നടപടിയിലേക്ക് വൈദ്യുതിബോർഡ് നീങ്ങുകയും ചെയ്യും. തെരുവുവിളക്കുകളുടെ പരിപാലനത്തിനായി പ്രതിമാസം 30 ലക്ഷത്തോളം രൂപയാണ് ചെലവാകുന്നത്. വിളക്കുകൾ എൽ.ഇ.ഡിയാക്കിയാൽ ചെലവ് പകുതിയായി കുറയുമെന്നാണ് കണക്കുകൂട്ടൽ. എം.പിമാരും എം.എൽ.എമാരും അനുവദിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ നഗരസഭയ്ക്ക് അമിത ചെലവായതിനാൽ അവയ്ക്ക് അനുമതി നൽകുന്നതിനും മേയർ വി.കെ. പ്രശാന്ത് ചില നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.