തിരുവനന്തപുരം: കടുത്ത വേനലിൽ നാടും നഗരവും വെന്തുരുകിയപ്പോൾ കോളടിച്ചത് മിൽമയ്ക്ക്. മിൽമയുടെ തൈര്, സംഭാരം ഉത്പന്നങ്ങളുടെ വില്പനയ്ക്ക് തലസ്ഥാന ജില്ലയിൽ വൻവർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തിലെ വില്പനയെക്കാൾ പത്തു ശതമാനം വർദ്ധനയാണ് ഈ വർഷം ഉണ്ടായത്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ മിൽമയുടെ തൈരും സംഭാരവുമായിരുന്നു അധികം പേരും ആശ്രയിച്ചത്.
സൂര്യാഘാതം ഭീഷണി സൃഷ്ടിച്ച മാർച്ചിൽ പ്രതിദിനം ശരാശരി 13000 ലിറ്റർ തൈരും 10000 പാക്കറ്റ് സംഭാരവുമാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം വിറ്റുപോയത്. മാർച്ചിൽ ശരാശരി നാലുലക്ഷം ലിറ്റർ തൈരും മൂന്നു ലക്ഷത്തിലധികം പാക്കറ്റ് സംഭാരവുമാണ് വിറ്റഴിച്ചത്. വില്പന തകൃതിയായി വർദ്ധിച്ച സാഹചര്യത്തിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടി മിൽമ സ്വീകരിച്ചു. ഏപ്രിൽ മാസത്തിലെ കണക്ക് പുറത്തു വന്നിട്ടില്ലെങ്കിലും വില്പനയിൽ കുറവു വന്നിട്ടില്ല. വേനൽമഴ പെയ്തെങ്കിലും പകൽസമയത്ത് ചൂടിനു കുറവില്ലാത്തതിനാൽ മിൽമ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് തന്നെ.
നേരത്തേ വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വഴിയോര ജ്യൂസ് കടകളിൽ നിന്നും ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സർബത്തുകളിൽ ചേർക്കുന്ന ചേരുവകൾ ശുദ്ധമല്ലെങ്കിൽ ബാക്ടീരിയ ബാധയുണ്ടാകുമെന്നും രോഗങ്ങൾ പിടിപെടാനും ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്.
കൂടുതൽ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിക്കാൻ ഇത് കാരണമായി. മിൽമയുടെ വരുമാനം വർദ്ധിച്ചതിനു പിന്നിലെ ഒരു കാരണവും ഇതാണ്. നിലവിൽ 25 രൂപ വിലയുള്ള 500 എം.എൽ തൈരിന്റെ പാക്കറ്റും അഞ്ചു രൂപയുടെ സംഭാരം പാക്കറ്റുമാണ് മിൽമ വിപണിയിലിറക്കുന്നത്.