തിരുവനന്തപുരം: റോഡിൽ വച്ച് വാഹനത്തിന്റെ ടയർ പഞ്ചറായാൽ വിഷമിക്കേണ്ട, ഒരു കാൾ വിളിച്ചാൽ മതി മിനിട്ടുകൾക്കുള്ളിൽ പഞ്ചറൊട്ടിക്കാൻ പ്രസാദ് എത്തും. തലസ്ഥാനത്തെ പേര് കേട്ട മൊബൈൽ പഞ്ചർ സർവീസുകാരിൽ പ്രധാനിയാണ് നാട്ടുകാർ പഞ്ചർ പ്രസാദെന്ന് വിളിക്കുന്ന ശംഖുംമുഖം സ്വദേശിയായ ഈ നാല്പത്തിയാറുകാരൻ.
2004ലാണ് പ്രസാദ് മൊബൈൽ പഞ്ചർ സർവീസ് ആരംഭിക്കുന്നത്. അന്ന് അധികമാരും ഈ രഗത്ത് ഉണ്ടായിരുന്നില്ല.
ശംഖുംമുഖത്ത് ഒരു വർക്ക് ഷോപ്പ് നടത്തുന്നതിനിടെ സ്ഥിരം കസ്റ്റമർമാരിൽ ചിലർ വഴിയിൽ വണ്ടി പഞ്ചറായാലുണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പ്രസാദിനോട് പറഞ്ഞു.അങ്ങനെയാണ് സ്വന്തമായൊരു മൊബൈൽ പഞ്ചർ സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. കൂടുതലൊന്നും ആലോചിച്ചില്ല.ഒരു ബൈക്കും അത്യാവശ്യം പഞ്ചറൊട്ടിക്കാനുള്ള സാധനങ്ങളുമായി പ്രസാദ് റോഡിലേക്ക് ഇറങ്ങി.പഞ്ചർകട സഹോദരൻ പ്രദീപിനെ ഏല്പിച്ചു. സംഗതി ക്ലിക്കായി.ഇപ്പോൾ നിരവധിപേർ വിളിക്കാറുണ്ടെന്ന് പ്രസാദ് പറയുന്നു. 9383480194 എന്ന നമ്പരിൽ വിളിച്ചാൽ നിമിഷങ്ങൾക്കകം പ്രസാദെത്തും.ഭാര്യ റീറ്റയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൾ പൂജയും അടങ്ങുന്നതാണ് പ്രസാദിന്റെ കുടുംബം. സംസാരിക്കുന്നതിനിടയിലും പ്രസാദിന്റെ ഫോൺ ചിലച്ചുകൊണ്ടേയിരുന്നു.