തിരുവനന്തപുരം: കൈതമുക്ക് ഉപ്പിടാംമൂട് പാലത്തിന് സമീപം സിൻഡിക്കേറ്റ് ബാങ്കിനടുത്തുള്ള ഫോർട്ട് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഴയ ടൈപ്പ് റൈറ്റിംഗ് യന്ത്രത്തിന്റെ കടകട ശബ്ദം നിലയ്ക്കാതെ തുടരുകയാണ്. 1919ൽ ആരംഭിച്ച ഈ ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നൂറാം പിറന്നാളിന്റെ നിറവിലാണ്. ഒരു നൂറ്റാണ്ടിനിടെ ഇവിടെ നിന്ന് ടൈപ്പ് പഠിച്ച് സ്വദേശങ്ങളിലും വിദേശങ്ങളിലുമായി ജോലി ലഭിച്ചവർ നിരവധിയാണ്. ഇപ്പോൾ ഇത് നോക്കിനടത്തുന്ന എച്ച്. സുബ്രഹ്മണ്യൻ അയ്യരുടെ അപ്പൂപ്പൻ എസ്. അപ്പു അയ്യരാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
അന്ന് രണ്ട് ടൈപ്പ് റൈറ്ററുകളാണുണ്ടായിരുന്നത്. ഇന്ന് ഇരുപതോളം ടൈപ്പിംഗ് മെഷീനുകളിൽ നിന്ന് അഞ്ഞൂറോളം പേർ ഇവിടെ പഠിക്കുന്നുണ്ട്. വ്യവസായ – വാണിജ്യ സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, കോടതികൾ മുതൽ സെക്രട്ടേറിയറ്റിലും ഐ.എസ്.ആർ.ഒയിൽ വരെ ജോലി സാദ്ധ്യതയുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകുന്നത്. മലയാളം, ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലായി ലോവർ, ഹയർ എന്നിങ്ങനെയാണ് പരിശീലനം. കൂടാതെ ഈ ഭാഷകളിൽ ഷോർട്ട് ഹാൻഡും വേർഡ് പ്രോസസിംഗും പരിശീലിപ്പിക്കുന്നുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ പരിശീലനത്തിന് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം. എങ്കിലും രാവിലെ ആറ് മുതൽ 10 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയുള്ള സമയത്തുമാണ് കൂടുതൽ പേർ പരിശീലനത്തിനെത്തുന്നതെന്ന് അയ്യർ പറയുന്നു. സുബ്രഹ്മണ്യന്റെ നാല് സഹോദരിമാരടക്കം അഞ്ച് അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
എ എസ് എഫ് ഡി എഫ് ജി.എഫ് എന്നീ അക്ഷരങ്ങളാണ് ഇടതുകൈയ്ക്കുള്ളത്. ക്യൂ, ഡബ്ളിയു ഇ ആർ.ടി എന്നിവയും ഇടതിന് സ്വന്തം. സെമിക്കോളൻ, എൽ, കെ. ജെ, എച്ച്, ജെ എന്നിവ വലതുകൈയുടെ സ്വന്തമാണ്. കാറിന്റെ സ്റ്റിയറിംഗ് പോലെ ഇത് ബാലൻസ് ആയിക്കഴിഞ്ഞാൽ പിന്നെ വിരലുകൾ കീബോർഡിൽ തീർക്കുക അക്ഷരങ്ങളുടെ അലയൊലികളാണ്. ഇംഗ്ളീഷ് അക്ഷരങ്ങളിൽ തുടങ്ങി പിന്നെ അത് വാക്കുകളായി രൂപാന്തരം പ്രാപിച്ച് അവിടെ നിന്ന് വാചകങ്ങളും ഖണ്ഡികകളും പിന്നീട് വലിയ റണ്ണിംഗ് മാറ്ററുകളുമായി അവസാനിക്കുമ്പോൾ ഓരോരുത്തരുടെയും മുഖത്ത് അഭിമാനത്തിന്റെ നിറചിരി വിരിയും. പരുക്കൻ കീബോർഡിൽ ചിലർ അനായാസം ടൈപ്പ് റൈറ്റിംഗ് അപാരത തീർക്കുമ്പോൾ മറ്റുചിലർ തനിക്ക് വഴങ്ങാത്ത അക്ഷരങ്ങളെയും കുത്തിനെയും കോമയെയും പിന്നെ സഹപാഠികളെയും നോക്കി നെടുവീർപ്പിടുകയും ചെയ്തിട്ടുണ്ടാകാം. ടൈപ്പ് റൈറ്ററിൽ എങ്ങനെ പേപ്പർ വയ്ക്കണം എന്നതിൽ തുടങ്ങുന്ന പഠനം അവസാനിക്കുമ്പോൾ നിങ്ങൾ ജോലിക്ക് പൂർണസജ്ജനായിരിക്കും.
പണ്ടൊക്കെ എസ്.എസ്.എൽ.സി കഴിഞ്ഞാൽ ടൈപ്പ് എന്നതായിരുന്നു രീതി. എന്നാലിപ്പോൾ ബിരുദധാരികൾ മുതൽ എൻജിനിയറിംഗ് വിദ്യാർത്ഥികൾ വരെ ടൈപ്പ് പഠിക്കാനെത്തുന്നുണ്ട് അയ്യരുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ. നാട്ടിൻപുറങ്ങളിൽ ടൈപ്പ് റൈറ്റിംഗ് അന്യമായതോടെ അവിടെ നിന്നുള്ളവരും ഇവിടെയെത്തുന്നുണ്ട്.
ലോവറിന് പ്രതിമാസം 400 ഉം ഹയറിന് 500 രൂപയുമാണ് ഫീസ്. ആറ് മാസത്തിലൊരിക്കൽ സർക്കാർ പരീക്ഷ നടത്തും. അങ്ങനെ വർഷത്തിൽ രണ്ട് പരീക്ഷ. ഹയർ സെക്കൻഡറിക്ക് കമ്പ്യൂട്ടർ പാഠ്യവിഷയമായതോടെ ടൈപ്പ് പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അയ്യർ പറയുന്നു. എന്നിരിക്കിലും മുദ്രപത്രം, ആധാരം തുടങ്ങിയ എല്ലാതരത്തിലുള്ള ഡോക്യുമെന്റുകളും തയ്യാറാക്കുന്നതിന് ഇന്നും ടൈപ്പ് റൈറ്റർ തന്നെയാണ് ആശ്രയം.