rain

തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമദ്ധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കു ഭാഗത്തുമാണ് ന്യൂനമർദ്ദം രൂപം കൊള്ളുക. ഇത് 30ന് തമിഴ്നാടിന്റെ വടക്കൻ തീരത്ത് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കൊടുങ്കാറ്റായി ആഞ്ഞടിക്കും.

ആന്ധ്രാ തീരങ്ങളിലും തമിഴ്നാട്ടിലും കനത്തമഴയുമുണ്ടാകും. കേരളത്തിലും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. കടൽ തിരകൾ രൗദ്രമാകാനിടയുണ്ട്. ന്യൂനമർദ്ദം ശക്തികുറഞ്ഞ് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത.ചുഴലിക്കാറ്റായി രൂപപ്പെട്ടാൽ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ശക്തമായ തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ജാഗ്രത പാലിക്കണം. വേനൽ മഴയോടൊപ്പം വൈകുന്നേരങ്ങളിൽ ഇടിമിന്നൽ സാദ്ധ്യതയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓ‌ഫീസ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായമഴയ്ക്കും ശക്തമായകാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്തമഴയും പെയ്യാം.


മുഖ്യമന്ത്രിയുടെ ഒാഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ്

ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട്‌ കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 25/04/2019ൽ ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും 26/04/2019നു കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാവാനും 27/04/2019നു കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70കിലോമീറ്റർ വരെയാവാനും 28/04/2019ന് കാറ്റിന്റെ വേഗത മണിക്കൂറിൽ 80 മുതൽ 90കിലോമീറ്റർ വരെയും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.


മത്സ്യത്തൊഴിലാളികൾ 27/04/2019 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴ കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27/04/2019ന് അതിരാവിലെ 12 മണിയോടെ (00:00 hrs Indian Standard Time of 27-04-2019) തന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

കേരളത്തിന്‌ തിരമാല ജാഗ്രത

25-04-2019 രാത്രി 11.30 വരെ തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ആയതിനാൽ, പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്.