temple

കണ്ണൂർ: ക്ഷേത്രത്തിനകത്ത് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവാദം വേണമെന്ന് ദേവസ്വംബോർഡിന് നൽകിയ നിവേദനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി. രണ്ട് മാസം മുമ്പാണ് തൃശൂർ സ്വദേശിയായ കെ.ജി അഭിലാഷ് ദേവസ്വം ബോർഡിന് നിവേദനം നൽകിയത്. സർക്കാർ ഈ നിവേദനം തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

അതേസമയം, ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷൻമാർക്ക് ഷർട്ടിട്ട് പ്രവേശിക്കാൻ അനുവാദമില്ല. വിഷയത്തിൽ ക്ഷേത്രം ഭാരവാഹികളുടെ കത്ത് ചർച്ചചെയ്തതായി അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരി പറഞ്ഞു. 'ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയല്ല എന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ല'-അദ്ദേഹം വ്യക്തമാക്കി.