ശ്രീനഗർ: ജമ്മു കാശ്‌മീരിലെ അനന്ത് നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ ഏറ്റുമുട്ടലിൽ കണ്ടെടുത്തിട്ടുണ്ടെന്ന് ജമ്മു കാശ്മീർ പൊലീസ് പറഞ്ഞു. ഒരു വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. പ്രദേശത്ത് ആയുധങ്ങളുമായി ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന എത്തി പരിശോധന നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേന ഇരുവരെയും വധിച്ചു.
കൊല്ലപ്പെട്ടവർ രണ്ട് പേരും കശ്മീർ സ്വദേശികൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞു. സഫ്ദർ അമീൻ ഭട്ട്, ബുർഹാൻ അഹമ്മദ് ഗനി എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിജ് ബഹേരയിലെ ബാഗേന്ദർ മൊഹല്ലയിലാണ് സുരക്ഷാ സേനയുമായി ഭീകരവാദികൾ ഏറ്റുമുട്ടിയത്. ഏതാണ് രണ്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്.
ഫെബ്രുവരി 14ന് കാശ്‌മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം സുരക്ഷാ സൈന്യം ജെയ്ഷെ ഇ മുഹമ്മദ് ഭീകരവാദികളെ ഇല്ലാതാക്കിയിരുന്നു എന്ന് കഴിഞ്ഞ ബുധനാഴ്ച്ച ലെഫ്റ്റ് ജനറൽ കെ.ജെ.എസ് ദില്ലൻ അറിയിച്ചിരുന്നു. കൂടാതെ 2019ൽ സൈന്യം 69 ഭീകരവാദികളെ വധിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.