ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരണാസിയിൽ റോഡ് ഷോ നടത്തും. മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് റോഡ് ഷോ തങ്ങളുടെ ശക്തി പ്രകടനം ആക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മണ്ഡലത്തിൽ എസ്.പി - ബി.എസ്.പി സഖ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രിയങ്കയുടെ സാധ്യതകൾ മങ്ങിയിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വിശദീകരിക്കുന്നത്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും ചർച്ചകൾ നടക്കുകയാണെന്നും അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം ബനാറസ് ഹിന്ദു സർവകലാശാലയ്‌ക്ക് സമീപമുള്ള ലങ്കാ ഗേറ്റിലെ മദൻ മോഹൻ മാളവ്യയുടെ പ്രതിമയുടെ അടുത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ ദശാശ്വമേദ് ഘട്ടിൽ അവസാനിക്കും. ഏഴു കിലോമീറ്റർ നീളുന്ന റോഡ് ഷോയ്‌ക്കിടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടെ 150 കേന്ദ്രങ്ങളിൽ മോദിയ്‌ക്ക് സ്വീകരണം നൽകും. റോഡ് ഷോയുടെ അവസാനം ദശാശ്വമേദ് ഘട്ടിൽ മോദി ഗംഗാ സ്‌നാനവും പൂജയും നടത്തും. രാത്രിയിൽ ബി.ജെ.പി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.
വാരണാസിയിൽ നരേന്ദ്രമോദി നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത്.നാളെ രാവിലെ 11.30ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, ശിരോമണി അകലിദൾ നേതാവ് സുഖ്ബീർ സിംഗ്, കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ, മറ്റു നേതാക്കളായ ലക്ഷ്‌മൺ ആചാര്യ, സുനിൽ ഓജ, ജെ.പി നദ്ദ തുടങ്ങിയവർ തയാറെടുപ്പുകൾ വിലയിരുത്തും. നാളെ രാവിലെ ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷം കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്നാണ് പത്രികാ സമർപ്പണം. മേയ് 19 നാണ് വാരണാസിയിൽ തിരഞ്ഞെടുപ്പ്. പത്രിക സമർപ്പിച്ച ശേഷം മോദി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുമെന്നും വിവരമുണ്ട്.