കൊളംബോ: ശ്രീലങ്കയിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. കൊളംബോയിൽ നിന്നും 40 കിലോമീറ്റർ മാറി പുഗോഡയിൽ മജിസ്ട്രേറ്റ് കോടതിക്കു സമീപമാണ് സ്ഫോടനം നടന്നത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള അഞ്ഞൂറോളം പേരിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
അതേസമയം, ശ്രീലങ്കയിൽ തീവ്രവാദികൾ സ്‌ഫോടനങ്ങൾ നടത്തിയേക്കാമെന്ന് ഇന്ത്യ മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോർട്ടുണ്ട്. ഈ മുന്നറിയിപ്പിൽ നടപടി സ്വീകരിക്കാതിരുന്നതുമൂലമാണ് ആക്രമണം തടയാൻസാധിക്കാതെവന്നതെന്ന് ശ്രീലങ്കൻ അധികൃതർ തന്നെ സമ്മതിച്ചിട്ടുമുണ്ട്.
ഇന്ത്യ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്ത് വേണ്ട സമയത്ത് നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച പറ്റിയതായി ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ മാദ്ധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേൽത്തട്ടിൽ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.