കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധയിടങ്ങളിലായി ഉണ്ടായ സ്ഫോടനങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലെ സൂത്രധാരന് ഇന്ത്യയിലും അനുയായികളുണ്ടെന്ന് വിവരം. ഇന്ത്യയിലെ വിവിധയിടങ്ങളിൽ അനുയായികൾ ഉള്ള ഇയാൾ തന്റെ പ്രവർത്തന മേഖല കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കോയമ്പത്തൂർ ജയിലിൽ ഐസിസ് കേസുമായി ബന്ധപ്പെട്ട് കഴിയുന്ന ഏഴ് പ്രതികളിൽ നിന്നാണ് ഭീകരർ ശ്രീലങ്കയിൽ ആക്രമണം നടത്തിയേക്കുമെന്ന വിവരം എൻ.ഐ.എയ്‌ക്ക് ലഭിച്ചത്.
ഐസിസുമായി ബന്ധപ്പെട്ട സംഘം കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്ന് എൻ.ഐ.എയും കേരള പൊലീസും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും ചില റെയിഡുകൾ നടന്നു. തുടർന്നാണ് ശ്രീലങ്കയിൽ ആക്രമണം നടക്കുമെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്നത്. ഭീകരരുടെ ഒളിത്താവളം അടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ ഏജൻസികൾ ശ്രീലങ്കയ്‌ക്ക് കൈമാറുകയും ചെയ്‌തു.തീവ്രവാദ സംഘടനാ നേതാവിന്റെയും മുഖ്യ സംഘാംഗങ്ങളുടെയും പേരും വിവരങ്ങളും ഫോൺ നമ്പരുകൾ പശ്ചാത്തലം തുടങ്ങിയവ അടങ്ങിയ മൂന്ന് പേജ് റിപ്പോർട്ടാണ് കൈമാറിയത്. എന്നാൽ ഇത് ശ്രീലങ്ക അവഗണിക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെക്കൂടി അറസ്റ്റ് ചെയ്തതായി പൊലീസ് വക്താവ് റുവാൻ ഗുണശേഖര അറിയിച്ചു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 58 ആയി. അതേസമയം, സ്ഫോടനപരമ്പരയിൽ ഉൾപ്പെട്ട ഒമ്പത് ചാവേറുകളിൽ സ്ത്രീയും ഉണ്ടായിരുന്നതായി റുവാൻ ഗുണശേഖര കൂട്ടിച്ചേർത്തു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ ഐസിസ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ന്യൂസിലാൻഡിലെ മുസ്ലിം പള്ളികളിൽ കഴിഞ്ഞമാസം ഉണ്ടായ സ്ഫോടനങ്ങളുടെ പ്രതികാരമായാണ് ശ്രീലങ്കയിലെ മനുഷ്യക്കുരുതിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കൊളംബോയിലെ ഷോപ്പിംഗ് മാളിന് സമീപത്തുനിന്ന് ഇന്നലെയും ബോംബ് കണ്ടെത്തി. മാളിന് സമീപത്തെ ബൈക്കിൽ കണ്ടെത്തിയ ബോംബ് പൊലീസെത്തി നിർവീര്യമാക്കുകയായിരുന്നു.