kerala-friends

തിരുവനന്തപുരം: അത്യന്തം ആവേശത്തോടെയായിരുന്നു സംസ്ഥാനത്തെ ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിംഗ്. ഒന്നര മാസം നീണ്ട നാടിളക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിലാണ് കേരളം വിധിയെഴുതിയത്. വാശിയേറിയ പ്രചാരണത്തിന്റെ ആവേശം വോട്ടിംഗിൽ പ്രതിഫലിച്ചു. അവസാന ഘട്ട പ്രചാരണമായ കലാശക്കൊട്ടിലടക്കം കേരളത്തിലെ മുന്നണികളെല്ലാം കൊമ്പുകോർത്ത് മുദ്രാവാക്യങ്ങളുയർത്തി. എന്നാൽ,​ വ്യത്യസ്ത പാർട്ടികളായാലും അവിടെ നില നിന്നുപോകുന്ന ചില സൃഹൃത്ത് ബന്ധങ്ങളുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരത്തിൽ മൂന്ന് കൊടികളും ഒരു വാഹനത്തിലായാലോ?​ സങ്കൽപ്പമല്ല,​യാഥാർത്ഥ്യമാണ്.​ കേരളത്തിലെ പ്രചാരണ പരിപാടികൾക്കിടയിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണിത്. സുഹൃത്തുക്കൾ ഒരു കാറിൽ മൂന്ന് വ്യത്യസ്ത പാർട്ടികളായ ബി.ജെ.പി,കോൺഗ്രസ്,​ സി.പി.എം മൂവരടെയും കൊടികൾ ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്നതാണ് ചിത്രം.

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സുഹൃത്തുക്കളെ ഒഴിവാക്കരുത് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനോടകംതന്നെ സോഷ്യൽ മീഡിയയിൽ വെെറലായ ഈ ചിത്രം രാജ്യത്തുടനീളം ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തെ പ്രശംസിച്ച് വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ. തിരഞ്ഞെടുപ്പ് വേളയിലും എല്ലാവരും ഒത്തൊരുമയോടുകൂടിയിരിക്കുന്നു എന്നായിരുന്നു ഒരു കമന്റ്,​ മലയാളി ആയതിനാൽ അഭിമാനിക്കുന്നുവെന്നും പാർട്ടി ഏതായാലും സൗഹൃദം എപ്പോഴും തുടരുമെന്നായിരുന്നു മറ്റൊരു കമന്റ്. ഇങ്ങനെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

കേരളത്തിൽ മഴയും വോട്ടിംഗ് മെഷീനെക്കുറിച്ച് ഉയർന്ന പരാതികളും,​ വോട്ടിംഗ് മെഷീൻ തകരാറുമൊന്നും പോളിംഗിനെ ബാധിച്ചില്ല. മണിക്കൂറുകൾ കാത്തുനിന്ന് വോട്ടർമാർ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. വോട്ടിംഗിന്റെ അവസാന മണിക്കൂറുകളിലും മിക്ക ജില്ലകളിലും നൂറുകണക്കിന് ബൂത്തുകളിൽ വോട്ടർമാർ കൂട്ടം കൂട്ടമായി വോട്ട് ചെയ്യാനെത്തി. മേയ് 23നാണ് സംസ്ഥാനത്തെ വോട്ടെണ്ണലും ഫല പ്രഖ്യാപനവും നടക്കുക.