തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ബി.ജെ.പി വോട്ടുകൾ മറിച്ചെന്ന് ഇടത് ക്യാമ്പിൽ ആശങ്ക. ഇടതുമുന്നണിയുടെ അഭിമാന പോരാട്ടം നടന്ന പല മണ്ഡലങ്ങളിലും അവസാന നിമിഷം അടിയൊഴുക്കുണ്ടായെന്നാണ് ബൂത്ത് തലത്തിൽ നിന്ന് ലഭിച്ച റിപ്പോർട്ട്. കാസർകോട്, കണ്ണൂർ, വടകര, ആലത്തൂർ, മാവേലിക്കര, കൊല്ലം, കോഴിക്കോട്, ആറ്രിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ട് മറിച്ചതായി ആശങ്കയുള്ളത്. ഇതിൽ കണ്ണൂരും, കാസർകോടും കാര്യമായി തന്നെ വോട്ട് മറിഞ്ഞു. വോട്ടെടുപ്പ് നടന്ന ദിവസം പല മണ്ഡലങ്ങളിലും ബി.ജെ.പി സജീവമായിരുന്നില്ല.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലത്തിന്റെ കാര്യത്തിലും ഇടത് മുന്നണിക്ക് ആശങ്കയുണ്ട്. മൂന്നാം തവണ ജനവിധി തേടുന്ന എ.സമ്പത്ത് ജയിക്കാതിരിക്കാൻ ബി.ജെ.പി യു.ഡി.എഫ് നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നാണ് ഇടത് നേതാക്കളുടെ ആരോപണം. അതേസമയം, കോഴിക്കോടും വടകരയും ബി.ജെ.പിക്കാർ വോട്ടുമറിച്ചതിന് കൃത്യമായ കണക്കുകളുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചു. എന്നാൽ കൃത്യമായ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചു പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എൽ.ഡി.എഫ് നേതാക്കന്മാർ ആരോപിക്കുന്നുണ്ട്. കൊല്ലം മണ്ഡലത്തിൽ വോട്ടുകച്ചവടം നടത്താനുള്ള ശ്രമമുണ്ടെന്ന് ബി.ജെ.പി പ്രവർത്തകർക്കിടയിലും അഭ്യൂഹങ്ങൾ പരന്നു. എന്നാൽ ഇത്തരമൊരു ആരോപണം തള്ളിയ ബി.ജെ.പി നേതൃത്വം പാർട്ടിയിൽ വോട്ടുകച്ചവടം നടത്തുന്ന നേതാക്കന്മാർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് മറികടന്നാണ് ചില മണ്ഡലങ്ങളിൽ വോട്ടുകച്ചവടം നടന്നതെന്നാണ് എൽ.ഡി.എഫ് ആരോപിക്കുന്നത്. എന്നാലും തങ്ങൾക്ക് ആറ് മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്നും എട്ടിടത്ത് പ്രതീക്ഷയുണ്ടെന്നും ഇടത് മുന്നണി പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ട്. ബൂത്ത് കമ്മിറ്റികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ശനിയാഴ്‌ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നുണ്ട്. ഇത് കഴിഞ്ഞതിന് ശേഷമാകും കൂടുതൽ വിലയിരുത്തലിലേക്ക് കടക്കുക.