mamatha-banarjee

കൊൽകത്ത: അതിഥികൾക്ക് രസഗുളയും പലഹാരങ്ങളും സമ്മാനങ്ങളും നൽകാറുണ്ട് പക്ഷെ വോട്ടു നൽകില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും മമത ദീദി തനിക്ക് വർഷം തോറും കുർത്തകളും മധുരപലഹാരങ്ങളും അയച്ച് തരാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.

'ഞങ്ങൾ അതിഥികളെ രസഗുളകളും സമ്മാനങ്ങളും നൽകി സ്വീകരിക്കും, അത് ബംഗാളിന്റെ സംസ്‌കാരമാണ്, പക്ഷെ ഒരൊറ്റ വോട്ട് പോലും നൽകില്ല' - മമത ബാനർജി പറഞ്ഞു. മോദിയുടെ പേര് പരാമർശിക്കാതെയായിരുന്നു മമതയുടെ പ്രതികരണം. ഹൂഗ്ലി ജില്ലയിലെ സെറാംപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും മമതയുമായി മികച്ച സൗഹൃദ ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന വിവരം പങ്കുവച്ചത്. എല്ലാ ശത്രുതയും മറന്ന് ദീദി വർഷം തോറും കുർത്തകൾ അയയ്ക്കാറുണ്ടെന്നും മധുരപലഹാരങ്ങളോട് ഇഷ്ടമുണ്ടെന്ന് അറിഞ്ഞ് പ്രത്യേകം ബംഗാളി മധുരപലഹാരങ്ങൾ തനിക്ക് അയയ്ക്കാറുണ്ടെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന ധാക്കയിൽ നിന്ന് തനിക്ക് മധുരപലഹാരങ്ങൾ അയയ്ക്കാറുണ്ടെന്ന് അറിഞ്ഞശേഷമാണ് മമത ഇത്തരത്തിൽ അയച്ചുതുടങ്ങിയതെന്നും മോദി പറഞ്ഞിരുന്നു. ബോളിവുഡ് താരം അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അതേസമയം, മോദിയുടെ വെളിപ്പെടുത്തൽ ബംഗാളിലെ കോണ്‍ഗ്രസ് നേതൃത്വം തൃണമൂലും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ സൂചനകളാണെന്ന് വ്യാഖ്യാനിച്ചിരുന്നു. മമതയും മോദിയും തമ്മിലുള്ള സുഹൃദ്ബന്ധം ഇതോടെ വെളിച്ചത്തുവന്നെന്നും ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് സോമൻ മിത്ര പറഞ്ഞു.