ലക്‌നൗ: ടെക്നോളജിയുടെ പുരോഗതി എവിടേക്കാണെന്നറിയാതെ ലോകം കുതിക്കുകയാണ്. ലോകം ഇപ്പോൾ 5ജി നെറ്റ്‌വർക്ക് പ്രവർത്തിക്കാനുള്ള ശ്രമത്തിലുമാണ്. എന്നാൽ, മദ്ധ്യപ്രദേശിൽ വോട്ടിംഗ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാൻ ഉപയോഗിക്കുന്നത് അതിവേഗ ഓട്ടക്കാരെ. വാർത്താ വിനിമയ സംവിധാനങ്ങളില്ലാത്ത ബൂത്തുകളിലാണ് പോളിംഗ് ശതമാനം 'അപ്ഡേറ്റ്' ചെയ്യാനായി അതിവേഗ ഓട്ടക്കാരെ നിയമിച്ചിരിക്കുന്നത്. 43 ബൂത്തുകളിലേക്കായി 200 പേരെയാണ് നിയോഗിച്ചത്. ഇവർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
ഖന്ദ്വ ജില്ലയിലെ ബേത്തുൽ ലോക്‌സഭാ മണ്ഡലത്തിലെ ഹർസുദ് അസംബ്ലി മണ്ഡലത്തിൽ 43 താത്കാലിക ബൂത്തുകളാണ് ഉള്ളത്. ഖന്ദ്വ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള ശിവപുരിയിൽ നാലും പന്ധാനയിൽ മൂന്നും താൽകാലിക ബൂത്തുകളുമുണ്ട്. ഇവിടത്തെ പോളിംഗ് ശതമാനം കൃത്യമായി അറിയിക്കാനാണ് ഓട്ടക്കാരെ ഉപയോഗിക്കുന്നത്.
ഓരോ ബൂത്തിലും രണ്ട് പേർക്കാണ് ചുമതല. ഒരാൾ ബൂത്തിലും ഒരാൾ മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമായിട്ടുള്ള പ്രദേശത്ത് ഫോണുമായും നിലയുറപ്പിക്കും. ബൂത്തിലുള്ളയാൾ പോളിംഗ് ശതമാനക്കണക്കുമായി ഫോണുള്ളയാളുടെ അടുത്തേക്ക് ഓടിയെത്തും. ഇങ്ങനെ ലഭിക്കുന്ന പോളിങ്ങ് ശതമാനത്തിന്റ വിവരങ്ങൾ രണ്ടാമൻ ഫോൺ വഴി അധികൃതരെ അറിയിക്കും. ഓരോ രണ്ട് മണിക്കൂർ ഇടവേളയിലായിരിക്കും പോളിങ് ശതമാനം രേഖപ്പെടുത്തുന്നതെന്ന് ഖന്ദ്വ ഡി.ആർ.ഒ വിഷേഷ് ഗഥ്പാലെ പറഞ്ഞു.