pepsico

അഹമ്മദാബാദ്: ഉരുളക്കിഴങ്ങ് കർഷകർക്കെതിരെ പെപ്‌സികോ കമ്പനി നിയമ നടപടി സ്വീകരിച്ച സംഭവത്തിൽ പ്രക്ഷോഭവുമായി ഗുജറാത്തിലെ കർഷകർ രംഗത്തെത്തി. പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത ഒൻപത് കർഷകർക്കെതിരെയാണ് കമ്പനി പരാതി നൽകിയിരിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് ഉൽപാദിപ്പിക്കുന്നതിനുള്ള അവകാശം കമ്പനിക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പെപ്‌സികോയുടെ ഉൽപന്നമായ ലെയ്സ് ചിപ്‌സ് നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങാണ് ഈ കർഷകർ കൃഷി ചെയ്തതെന്നും അത് ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനും തങ്ങൾക്ക് മാത്രമാണ് നിയമപരമായ അവകാശമെന്നും കമ്പനിയുടെ വാദം. സബർകന്ദ, ആരവല്ലി ജില്ലകളിലെ ഒൻപത് കർഷകർക്ക് എതിരെയാണ് പെപ്‌സികോ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് ആക്ട്-2001 പ്രകാരം എഫ്.എൽ 2027 എന്ന സങ്കര ഇനത്തിൽപ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം തങ്ങൾക്കാണെന്നാണ് കമ്പനി പറയുന്നത്.കമ്പനിക്ക് മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിൽ 2009ലാണ് ഇന്ത്യയിൽ പ്രത്യേക ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് വ്യാവസായികമായി കൃഷി ആരംഭിച്ചത്. പഞ്ചാബിലെ ഏതാനും ചില കർഷകർക്ക് ഇത് കൃഷിചെയ്യാൻ കമ്പനി ലൈസൻസ് നൽകിയിരുന്നു. എന്നാൽ,. അനുമതിയില്ലാതെ മറ്റാരെങ്കിലും ഇത് ഉത്പാദിപ്പിച്ചാല്‍ അത് നിയമ ലംഘനമാണെന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാൽ പ്രാദേശികമായി ലഭിച്ച വിത്തുകളാണ് കൃഷി ചെയ്യാൻ ഉപയോഗിച്ചതെന്നും കമ്പനി ഉന്നയിക്കുന്ന വിധത്തിലുള്ള നിയമപരമായ വിഷയങ്ങളെ കുറിച്ച് കർഷകർക്ക് അറിവില്ലെന്നും വഡോദരയിലെ കർഷക കൂട്ടായ്മ ഭാരവാഹിയായ കപിൽ ഷാ വ്യക്തമാക്കി. അതേസമയം, സമര രംഗത്തുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. 190 കർഷകർ, ശാസ്ത്രജ്ഞർ, കർഷക സംഘടനാ പ്രതിനിധികൾ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ ഒപ്പിട്ട കത്ത് പുറത്തിറക്കിയിട്ടുണ്ട്.