തൃക്കാക്കര: യുവതിയുടെ തിരോധാനം അന്വേഷിച്ചു പോയ പൊലീസുകാർ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന വാഹനം ചെന്നൈ അവനാശിയിൽ അപകടത്തിൽപ്പെട്ട് യുവതിയുടെ ബന്ധു മരിച്ചു. ഇരുമ്പനം സ്വദേശി ഹരി നാരായണൻ (50) ആണ് മരിച്ചത്. ഇദ്ദേഹമാണ് വാഹനം ഓടിച്ചിരുന്നതെന്ന് കരുതുന്നു. നാല് പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിനിയുടെ തിരോധാനം അന്വേഷിച്ചായിരുന്നു ഇൻഫോപാർക്ക് പൊലീസ് ഹൈദരാബാദിലേക്ക് പോയത്.
ഇൻഫോപാർക്ക് സ്റ്റേഷനിലെ പൊലീസുകാരായ വിനായകൻ, രാജേഷ്, ബിനിൽ, അനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വിനായകൻ, രാജേഷ് എന്നിവരുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇനോവ കാർ മതിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. കാണാതായ യുവതിയുടെ മൊബൈൽ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ യുവതി ഹൈദരാബാദിൽ ഉള്ളതായി വിവരം ലഭിച്ചിരുന്നു.