ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ വിവാഹത്തോടെ സിനിമയിൽ നിന്നും പൂർണമായി വിട്ടുനിന്നത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. എന്നാൽ, താരം സിനിമയിലേക്കുള്ള മടങ്ങിവരവിന്റെ സൂചനകൾ നൽകിയിരിക്കുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ഗോപി പുറത്തുവിട്ട മീര ജാസ്മിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇതിലേക്ക് സൂചന നൽകുന്നത്. നമ്മുടെ ആത്മാർത്ഥ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞാണ് സമൂഹ മാദ്ധ്യമത്തിലൂടെ മീരയ്‌ക്കൊപ്പമുള്ള ചിത്രം അരുൺ ഗോപി പങ്കുവച്ചത്.
ഇരുവരും ദുബായിൽ വച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രങ്ങളായിരുന്നു ഇത്. മലയാളത്തിലെ പുതുമുഖ സംവിധായകരിൽ ഒരാളായ അരുൺ ഗോപിക്കൊപ്പം മീരയുടെ പുതിയ ചിത്രങ്ങൾ കണ്ടതോടെ ആരാധകരും ആകാംഷയിലാണ്. നടി വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതിന്റെ ഭാഗമായിട്ടാണോ ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ജുവലറിയിൽ സഹോദരിക്കൊപ്പമെത്തിയ മീരയുടെ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചിരുന്നു. അന്ന് തടികൂടിയ നിലയിൽ കണ്ട മീര, ആരെയും അതിശയിപ്പിക്കുന്ന മേക്കോവറാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. മുമ്പത്തെക്കാൾ ചെറുപ്പവും ചുറുചുറുക്കുമുള്ള മീര ജാസ്മിനാണ് പുതിയ ചിത്രത്തിൽ. ഇതെല്ലാം മീരയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിന്റെ സൂചനയാണെന്നാണ് ആരാധകപക്ഷം.