oypk

ദുൽഖർ സൽമാൻ എന്ന യുവ സുപ്പർതാരത്തിന്റെ ഒരു മലയാള ചിത്രത്തിനായിട്ടുള്ള ഒന്നര വർഷത്തിലേറെയുള്ള കാത്തിരിപ്പിന്റെ വിരാമമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. വർഷങ്ങൾക്കുശേഷമുള്ള തിരിച്ചുവരവ് തമാശ നിറഞ്ഞ ഒരു ആഘോഷ ചിത്രമായത് ആരാധകർക്ക് ആവേശം നൽകുന്നതാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥയിൽ പങ്കാളിത്തം വഹിക്കുന്ന ചിത്രം കൂടിയാകുമ്പോൾ മറ്റൊരു സുപ്പർഹിറ്റ് പ്രേക്ഷകരുടെ പ്രതീക്ഷയാകും. എന്നാൽ ചിത്രം കുറിക്ക് കൊണ്ടില്ല എന്ന് പറയേണ്ടി വരും. പ്രേക്ഷകരെ ആദ്യന്തം രസിപ്പിച്ച് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് അണിയറ പ്രവർത്തകർ ലക്ഷ്യം വച്ചതെങ്കിൽ ഉന്നം ചെറുതായി ഒന്ന് പാളിയി‌ട്ടുണ്ട്.

പ്രേമം കുറച്ച് മാത്രം
ചിത്രത്തിന്റെ പേര് സൂചിപ്പിക്കും പോലെ യമണ്ടൻ പ്രേമകഥയൊന്നും പടത്തിലില്ല. ഏറെയും നേരം നാല് സുഹൃത്തുക്കളും അവരുടെ ഇടയിലെ തമാശകളുമാണ് സിനിമയിലുള്ളത്. തമാശകളെ കുറിച്ച് പറഞ്ഞാൽ തിയേറ്ററിൽ ചിരി ജനിപ്പിച്ച തമാശകൾ കുറവാണ്. എന്നാൽ ചില നമ്പറുകൾ രസിപ്പിക്കുന്നുണ്ട്. നാട്ടിലെ പ്രധാനിയായ വ്യക്തിയുടെ മകനായി ജനിച്ചെങ്കിലും ലല്ലു (ദുൽഖർ) ഒരു പെയിന്റ് പണിക്കാരനാകുന്നു. സാധാരണക്കാരുടെ തൊഴിൽ ആണ് ചെയ്യുന്നതെങ്കിൽ കൂടി ലല്ലു നാട്ടിലെ പെൺകുട്ടികൾക്ക് എല്ലാം പ്രീയപ്പെട്ടവനാണ്. ചെറുപ്പം മുതൽ പ്രേമാഭ്യർത്ഥനകളുടെ ഒരു നീണ്ട നിര എന്നും അയാളുടെ പിറകിലുണ്ട്. എന്നാൽ തനിക്ക് പ്രേമം തോന്നണം എങ്കിൽ കണ്ടാൽ മനസിൽ ഒരു സ്പാർക്ക് തോന്നുന്ന പെൺകുട്ടി വരണം എന്ന പിടിവാശിയിലാണ് ലല്ലു. കല്ല്യാണം കഴിക്കാതെ നടക്കുന്ന ചേട്ടൻ കാരണം വിദ്യാസമ്പന്നനായ ലല്ലുവിന്റെ അനിയനും കല്ല്യാണം നടക്കില്ല എന്ന അവസ്ഥ വന്നപ്പോൾ ഒരു പെണ്ണിനെ കണ്ടെത്താൻ വീട്ടുകാരും സുഹൃത്തുക്കളും അയാളിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. സുന്ദരികളായ പലരെയും കണ്ടിട്ടും ലല്ലുവിന് അത് പോര. എന്നാൽ ഒടുവിൽ ആർക്കും തോന്നാത്ത തരത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ഒരു പെണ്ണിനോട് അയാൾക്ക് പ്രേമം തോന്നിന്നിടത്ത് ചിത്രത്തിന്റെ ഒന്നാം പകുതി അവസാനിക്കുന്നു. ആ സുന്ദരിയെ അറിയാനും കണ്ടെത്താനും തുടർന്ന് നടക്കുന്ന സംഘർഷങ്ങളുമാണ് രണ്ടാം പകുതി. മിക്കപ്പോഴും ഇഴഞ്ഞു നീങ്ങുന്ന കഥ രസകരമാക്കാൻ വരുന്ന തമാശകളിൽ ചിലത് ഒഴിച്ചാൽ ബാക്കി നിലവാരം പോരാ.നല്ലവനായ നായകൻ, സുഹൃത്തുക്കൾ, തമാശ, പാട്ട് തുടങ്ങിയ ഒരു സ്ഥിരം ഫോർമുല ചിത്രത്തിൽ നായകനെ വെല്ലാനും തല്ലാനും വരുന്ന വില്ലനുമുണ്ട്.വില്ലനായി എത്തുന്നത് ചിത്രത്തിന്റെ തിരക്കഥാ പങ്കാളിയായ ബിബിൻ ജോർജാണ്. ചിത്രത്തിന്റെ അവസാനം പ്രേക്ഷകന് ഊഹിക്കാവുന്നതേയുള്ളു. സമൂഹത്തിൽ നടക്കുന്ന ചില കൊള്ളരുതായ്മകളെ വിമർശിച്ച് വലിയ പ്രേമം ഒന്നു കാണിക്കാതെ യമണ്ടൻ പ്രേമകഥ അവസാനിക്കുന്നു.

oypk

ഏറെ നാൾക്ക് ശേഷമുള്ള തിരിച്ചുവരവിൽ ദുൽഖർ തന്റെ വേഷം തന്മയതത്തോടെ കൈകാര്യം ചെയ്തു. സാധാരണക്കാരനായി സ്വാഭാവികമായ അഭിനയം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായി. ചിരിപ്പിക്കാനുള്ള ശ്രമം ചിലത് പാളിയെങ്കിലും ചിരിയുണർത്താൻ കഴിഞ്ഞത് ലല്ലുവിന്റെ ചങ്ങാതിക്കുട്ടത്തിലുള്ള വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷഹിർ, സലീം കുമാർ എന്നിവർക്കാണ്. ചെറിയ വേഷങ്ങളിൽ വന്ന ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ എന്നിവരും ശ്രദ്ദേയം. നായികാപ്രാധാന്യം കുറഞ്ഞ ഒരു പ്രേമകഥയിൽ നായികയായ നിഖില വിമലും, സംയുക്താ മേനോനും കഥാപാത്രത്തിന് ഉതകും വിധമുള്ള പ്രകടനം നടത്തി. വില്ലനായി ബിബിൻ ജോർജ് മികച്ചു നിന്നു.

പി.. സുകുമാറിന്റെ കാമറ മികച്ചതായിരുന്നു.

oypk

നിരവധി ടീ.വി ഷോകൾ സംവിധാനം ചെയ്തിട്ടുള്ള ബി. സി. നൗഫൽ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 'യമണ്ടൻ പ്രേമകഥ'. ആദ്യ സിനിമയെന്ന നിലയിൽ കുറവുകൾ ഉണ്ടെങ്കിൽ കൂടി തരക്കേടില്ലാത്ത രീതിയിൽ തന്റെ സിനിമയെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിലെ തിരക്കഥയിൽ നിന്ന് വരുന്ന ദുൽഖർ ചിത്രത്തിൽ നിന്ന് പ്രേക്ഷകൻ ഒരൽപ്പം കൂടി പ്രതീക്ഷ വച്ചാൽ തെറ്റുപറയാനാകില്ല. വേണ്ടവിധം ചേർന്നില്ലെങ്കിലും ചേരുവകളെല്ലാം ഉള്ള ഒരു കൂട്ട് തന്നെയാണ് 'ഒരു യമണ്ടൻ പ്രേമകഥ'. കണ്ടിരിക്കാം, കണ്ടില്ലെങ്കിൽ നഷ്ടപ്പെടാനുമില്ല.

വാൽക്കഷണം: കഥയിലെ പ്രേമം യമണ്ടനല്ല
റേറ്റിംഗ്: 2.5/5