ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും വൈറലായി മാറിയ നടി പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുത്തൻ സ്‌റ്റൈലിഷ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരി ചുറ്റി ചുരുൾമുടിയിൽ ചെത്തിപ്പൂ ചൂടി നാടൻ ലുക്കിലാണ് ഇത്തവണ പ്രിയ താരം എത്തിയിരിക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്.
ഏറെക്കാലത്തിന് ശേഷമാണ് പ്രിയ ചുരുണ്ട മുടി ലുക്കിൽ ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ഗാനം വൈറലായപ്പോൾ പ്രിയയുടേത് പകുതിയോളം ചുരുണ്ട മുടിയായിരുന്നു. പിന്നീട് ലോക തലത്തിലേക്ക് ശ്രദ്ധിക്കപ്പെട്ട നടി മേക്കോവറുകളുമായി ബന്ധപ്പെട്ട് മുടി സ്‌ട്രെയിറ്റൻ ചെയ്തിരുന്നു. പ്രിയയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലാകുന്നത്. അടുത്ത കാലത്ത് പുറത്തുവിട്ട, ഒരു പരസ്യചിത്രത്തിൽ തറയിൽ ഇരുന്ന് അഭിനയിക്കുന്ന ചിത്രത്തെയും ആരാധകരും ട്രോളർമാരും വെറുതേവിട്ടില്ല.
അഭിനയിച്ച ആദ്യ ചിത്രം പുറത്തിറങ്ങാതെപോലും ഇത്രയേറെ ആരാധകരെ വാരിക്കൂട്ടിയെന്ന ഖ്യാതി മറ്റൊരു നടിക്കും അവകാശപ്പെടാൻ ഇല്ല എന്നതാണ് പ്രിയയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 70 കോടി ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം പൂർണമായും ലണ്ടനിലാണ് ചിത്രീകരിച്ചത്.