ഹൽവയും മത്തിക്കറിയും ചേർന്നാൽ എങ്ങനെയിരിക്കും? ദാ, അതുപോലൊന്ന് അങ്ങ് അമേരിക്കയിലെ ഫ്ലോറിഡയിൽ. അതുപക്ഷേ, ഒരു അപൂർവ സുന്ദര സൗഹൃദത്തിന്റെ കഥയാണ്. താറാവും മൂങ്ങയും കൂട്ടുകാരായ സംഭവം. ഈ സുഹൃത് സംഘത്തിന്റെ ഫോട്ടോ ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുകയാണ്.
ഈ കൂട്ടുകാരുടെ കഥ ഇങ്ങനെ ചുരുക്കി വിവരിക്കാം.. ഫോട്ടോഗ്രാഫറായ ലവ്റി വൂൾഫിന്റെ വീടിന് പിന്നിൽ പക്ഷികൾക്ക് കൂടൊരുക്കാനായി ചെറിയ പെട്ടി വച്ചു. പതിയെപതിയെ ഒരു മൂങ്ങ ഇതിൽ കൂടുകൂട്ടി. ഒരു ദിവസം മഴ പെയ്തപ്പോൾ മൂങ്ങ കൂടിന്റെ വാതിലിൽ വന്നിരുന്നു. പിന്നെയല്ലേ, അത്ഭുതം.. അൽപം കഴിഞ്ഞപ്പോൾ മറ്റൊരു തല കൂടി വാതിലിൽ പ്രത്യക്ഷപ്പെട്ടു. മൂങ്ങയുടെ കുഞ്ഞായിരിക്കും എന്ന് കരുതി ഫോട്ടോയെടുക്കാൻ തുനിഞ്ഞ ലവ്റി കാമറ സൂം ചെയ്തപ്പോൾ ഞെട്ടിപ്പോയി. കൂടെയുള്ളത് മൂങ്ങക്കുഞ്ഞല്ല ഒരു താറാവിന്റെ കുട്ടി.
പക്ഷി നിരീക്ഷകനായ സുഹൃത്തിനെ വിളിച്ച് ചോദിച്ചു. മൂങ്ങ താറാവിൻ കുഞ്ഞിനെ കൊത്തിക്കൊണ്ട് വന്നതായിരിക്കാം എന്നായിരുന്നു ആ സുഹൃത്തിന്റെ നിഗമനം. ലവ്റിയും അത് വിശ്വസിച്ചു. മഴ തോർന്നപ്പോൾ താറാവിൻ കുഞ്ഞിനെ രക്ഷിക്കാനായി ചെന്ന ലവ്റിയെ ആ കാഴ്ച അത്ഭുതപ്പെടുത്തി.
താറാവിൻ കുഞ്ഞ് കൂട്ടിൽ നിന്നും ഇറങ്ങി അടുത്തുള്ള നദിയിലേക്ക് പോകുന്നു. മൂങ്ങ അവിടെതന്നെയുണ്ട്. പിന്നീടുള്ള ദിവസങ്ങളിലും അത് ആവർത്തിച്ചു. അടുത്ത കൂട്ടുകാരെപ്പോലെ അവർ ഒരു കൂട്ടിൽ. ആ അപൂർവ സൗഹൃദത്തിന്റെ ചിത്രം ലവ്റി പകർത്തി ലോകത്തിനായി സമർപ്പിച്ചു.
വീഡിയോ കാണാം...