modi

ലക്‌നൗ: യു.പിയിലെ വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പത്രികാസമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വാരണാസിയിൽ ഏഴുകിലോമീറ്റർ റോഡ് ഷോ നടന്നു. വൻജനപങ്കാളിത്തമാണ് റോഡ് ഷോയിലുണ്ടായിരുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ബനാറസ് സർവകലാശാല സ്ഥാപകനുമായ മദൻ മോഹൻ മാളവ്യയുടെ ലങ്കാ ഗേറ്റിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ആരംഭിച്ച റോഡ് ഷോ ഗംഗാസ്നാനത്തിനുശേഷം ദശാശ്വമേധ് ഘട്ടിൽ അവസാനിച്ചു. ഇതോടെ വാരണാസിയിലെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായി.

11 മണിക്ക് കാലഭൈരവക്ഷേത്രം സന്ദർശിച്ചതിനുശേഷമായിരിക്കും പത്രിക സമർപ്പിക്കുക. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ, പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ, കേന്ദ്രമന്ത്രിയും എൽ.ജെ.പി അദ്ധ്യക്ഷനുമായ രാം വിലാസ് പാസ്വാൻ തുടങ്ങി ബി.ജെ.പി സഖ്യകക്ഷി നേതാക്കളും പത്രികാസമർപ്പണത്തിന് മോദിക്കൊപ്പമെത്തുമെന്നാണ് റിപ്പോർട്ടുകൾ.

മേയ് 19നാണ് വാരണാസിയിൽ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 3.37 ലക്ഷം വോട്ടുകൾക്കാണ് മോദി ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ തോൽപ്പിച്ചത്.