മുങ്ങാൻപോകുന്ന കപ്പലിന്റെ അവസ്ഥയിലെത്തി നിൽക്കുകയാണ് കെ.എസ്.ആർ.ടി.സിയെങ്കിലും അതിലെ ചില ജീവനക്കാരുടെ ഹുങ്കിനും വിളയാട്ടത്തിനും ഒരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസം ഏറ്റുമാനൂരിൽ നിന്ന് അങ്കമാലിയിലേക്ക് പോയ ബസിലെ യാത്രക്കാർക്കുണ്ടായ ദുരനുഭവം.
കണ്ടക്ടർ ബെല്ലടിച്ചിട്ടും യാത്രക്കാരനെ സ്റ്റോപ്പിൽ ഇറക്കാത്തതിനെ ചിലർ ചോദ്യം ചെയ്തതിൽ ക്ഷുഭിതനായ ഡ്രൈവർ അവർക്കുനേരെ അസഭ്യവർഷം ചൊരിയുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. താൻ എം പാനലുകാരനാണെന്ന 'ലൈസൻസ് ' നെഞ്ചിൽ കെട്ടിത്തൂക്കിയിട്ടതുപോലെ ആക്രോശിച്ച ഡ്രൈവർ യാത്രക്കാർ തന്നെയൊന്നും ചെയ്യാനില്ലെന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നു. കണ്ടക്ടറുടെ നിർദ്ദേശം അനുസരിക്കാനോ,ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറക്കാനോ തയ്യാറായതുമില്ല. യാത്രക്കാരെ കൈയേറ്റം ചെയ്യാനൊരുങ്ങവേ പിടിച്ചുമാറ്റാൻ ശ്രമിച്ച കണ്ടക്ടറെ ഡ്രൈവർ തള്ളിമാറ്റുകയും ചെയ്തു.സഹിഷ്ണുതയോടെ പെരുമാറിയ കണ്ടക്ടറെ അഭിനന്ദിക്കണം. എന്നാൽ ഹൈക്കോടതി പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനെത്തുടർന്ന് നിരാധാരരായി നിൽക്കുന്ന എംപാനൽ ജീവനക്കാർ ജോലി നിലനിറുത്താൻ പോംവഴികൾ തേടുമ്പോൾ കൂട്ടത്തിലൊരാൾ നടത്തിയ കൊലവിളി അവർക്ക് മൊത്തത്തിൽത്തന്നെ ദോഷമായി ഭവിക്കുമെന്നതിൽ സംശയമില്ല.സ്വകാര്യ ലക്ഷ്വറി ബസ് സർവീസുകൾ യാത്രക്കാരോട് കാട്ടുന്ന മോശപ്പെട്ട പെരുമാറ്റത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കേരളമാകെ ചർച്ച ചെയ്യുമ്പോഴാണ് കെ.എസ്.ആർ.ടി.സിക്ക് ആകെ നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്.
യാത്രക്കാരെടുക്കുന്ന ടിക്കറ്റിന്റെ പണമാണ് തങ്ങൾ ശമ്പളമായി വാങ്ങുന്നതെന്ന ചിന്ത ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു പ്രവൃത്തി സംഭവിക്കുമായിരുന്നില്ല. മാന്യമായി പെരുമാറുന്ന മഹാഭൂരിപക്ഷം ജീവനക്കാരെക്കൂടി കരിവാരിത്തേക്കുന്ന ഈ വിഷയത്തിൽ അധികൃതർ എന്തെങ്കിലും നടപടി സ്വീകരിച്ചതായിക്കാണുന്നില്ല. ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന മുടന്തൻ ന്യായമാണ് പ്രതികരണമായി ലഭിക്കുന്നത്. പൊതുജനങ്ങൾക്ക് ഏറ്റവും വലിയ സേവനം നൽകേണ്ട കെ.എസ്.ആർ.ടി.സി എങ്ങനെ തകർച്ചയിലേക്ക് നീങ്ങിയെന്ന് അന്വേഷിച്ച് എങ്ങും അലയേണ്ടതില്ല. യാത്രക്കാർ കൈകാണിച്ചാൽ സ്റ്റോപ്പിൽ നിറുത്താനോ, വനിതായാത്രികർ ആവശ്യപ്പെട്ടാൽപ്പോലും രാത്രികാലങ്ങളിൽ വണ്ടിനിറുത്തി ആളെ ഇറക്കാനോ തയാറാകാത്തതിനെക്കുറിച്ച് നിരവധി പരാതികളാണ് ഉണ്ടായിട്ടുള്ളത്. ഉത്തരവാദിത്വമില്ലാത്തതിനാൽ എന്തും ചെയ്യാമെന്ന് കരുതുന്ന എം പാനൽ ജീവനക്കാരിലൊരു വിഭാഗത്തിനും അവരെ നിയമിക്കാൻ ഒത്താശചെയ്ത കെ.എസ്.ആർ.ടി.സിയിലെ പ്രമുഖ ട്രേഡ് യൂണിയനുകൾക്കും സ്ഥാപനം ഇന്ന് എത്തിനിൽക്കുന്ന തകർച്ചയിൽ വലിയൊരു പങ്കുണ്ട്. അതിൽ മുഖ്യപങ്ക് ട്രേഡ് യൂണിയനുകൾക്കുതന്നെ. ജീവനക്കാരെ ഏറാൻ മൂളികളാക്കി തങ്ങളുടെ വരുതിയിൽ നിറുത്താൻ ശ്രമിക്കുന്ന നേതാക്കൾ യാത്രക്കാരോട് പുലർത്തേണ്ട മിനിമം മര്യാദകളെക്കുറിച്ചുപോലും അവരെ പഠിപ്പിച്ചില്ലെന്നുവേണം കരുതാൻ. വിദ്യാഭ്യാസ യോഗ്യതയോടെ പി.എസ്.സിയുടെ മത്സരപ്പരീക്ഷയിൽ വിജയിച്ച് മെരിറ്റ് ലിസ്റ്റിൽ കടന്നുകൂടിയ മിടുക്കരെ നോക്കുകുത്തികളാക്കിയാണ് കാലാകാലങ്ങളിൽ എംപാനലെന്ന പേരിൽ പിൻവാതിൽ നിയമനം നടത്തി തങ്ങളുടെ പാർശ്വവർത്തികളെ യൂണിയൻകാരും അവരുടെ രാഷ്ട്രീയമേലാളൻമാരും തിരുകിക്കയറ്റിയത്. ഇവരിൽ ഒരു വിഭാഗത്തെ സർവീസിൽ സ്ഥിരപ്പെടുത്തുകയെന്ന കടുംകൈ കാട്ടാനും മടികാണിച്ചില്ല. 90 ദിവസത്തിൽ കൂടുതൽ താത്കാലിക നിയമനം പാടില്ലെന്നിരിക്കെ സർവീസ് നീട്ടി നീട്ടി നൽകി പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരെ വഴിയാധാരമാക്കിയതിന്റെ പാപഭാരവും യൂണിയനുകൾക്കും കാലാകാലങ്ങളിൽ വന്ന ഭരണ നേതൃത്വത്തിനും ഉള്ളതുതന്നെ. നിയമപരിരക്ഷ ഇല്ലാത്തതുമൂലം 10 ഉം 15 ഉം വർഷം സർവീസുള്ള എം പാനലുകാർക്കു മുന്നിൽ നിത്യജീവിതം ചോദ്യചിഹ്നമാകുമ്പോൾ അവരെ ആ അവസ്ഥയിലെത്തിച്ചവർക്ക് എന്ത് മറുപടിയാണ് നൽകാനുള്ളത് ? പാർട്ടി വളർത്തുക മാത്രം ലക്ഷ്യമായി കാണാതിരുന്ന പ്രഗത്ഭരായ ട്രേഡ് യൂണിയൻ നേതാക്കളുടെ മികച്ച പാരമ്പര്യം ഒരുകാലത്ത് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേകതയായിരുന്നു. പക്ഷേ ആ കാലം അസ്തമിച്ചിരിക്കുന്നു.
ടി.പി.സെൻകുമാർ, എ.ഹേമചന്ദ്രൻ, രാജമാണിക്യം തുടങ്ങിയവരടക്കം സമർത്ഥരായ ഉദ്യോഗസ്ഥർ പലകാലയളവുകളിലായി കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് വരികയും കോർപ്പറേഷനെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ ആവിഷ്രിക്കുകയും ചെയ്തിട്ടുണ്ട് . പക്ഷേ അവരെ കസേരയിൽ ഇരിക്കാൻ അനുവദിക്കാത്ത യൂണിയനുകളുടെ കുതന്ത്രത്തിന് ഏറ്റവും ഒടുവിൽ ഇരയായത് മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് നിയമിച്ച ടോമിൻ ജെ.തച്ചങ്കരിയായിരുന്നു. കെ.എസ്.ആർ.ടി.സിയെ നന്നാക്കുന്നതിനേക്കാൾ പ്രധാനമാണ് യൂണിയനുകളുടെ താത്പര്യം എന്ന തെറ്റായ സന്ദേശമാണ് ആ നടപടിയിലൂടെ പ്രതിഫലിച്ചത്. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ ആവശ്യത്തിലധികം ജീവനക്കാരുണ്ടെന്നാണ് ഗതാഗത വകുപ്പ് മന്ത്രിതന്നെ പറയുന്നത്. പ്രതിദിനം 4800 ബസുകളാണ് സർവീസ് നടത്തുന്നത്. 13500 സ്ഥിരം ഡ്രൈവർമാരും 12000 സ്ഥിരം കണ്ടക്ടർമാരുമാണ് ഉള്ളത്. ഇതിനു പുറമേയാണ് എം പാനലുകാർ. ഒരു ബസിന് 9.6 ജീവനക്കാർ എന്നതാണ് ഇവിടുത്തെ അനുപാതം. ദേശീയ അനുപാതം 5.5ഉം. അന്തർ സംസ്ഥാന സർവീസുകളുടെ കാര്യത്തിൽ കെ.എസ്.ആർ.ടി.സി കാട്ടുന്ന അലംഭാവമാണ് മറ്റുമാർഗങ്ങളില്ലാതെ സ്വകാര്യ മേഖലയെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്.കെ.എസ്.ആർ.ടി.സിയുടെ ഓൺലൈൻ ബുക്കിംഗും കസ്റ്റമർ സപ്പോർട്ട് വിഭാഗവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റുമാനൂർ- അങ്കമാലി ബസിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗതാഗത മന്ത്രിതന്നെ മുൻകൈയെടുക്കണം. അത് സ്ഥിരം ജീവനക്കാരായാലും എം പാനലുകാരായാലും, യാത്രക്കാരനെ കൈയേറ്റം ചെയ്യാനൊരുങ്ങിയാൽ സർവീസിൽ നിന്ന് പിരിച്ചുവിടണം. എന്നാൽ മാത്രമേ മറ്റുള്ളവർക്കുകൂടി പാഠമാവുകയുള്ളു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായിരിക്കും.