ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തരവാദി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയായാരിക്കുമെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാൾ.‘ഏത് തരത്തിലുള്ള സഖ്യമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയോട് ട്വിറ്ററിലൂടെ ചോദിക്കണം. ഒരു പക്ഷേ മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ രാഹുൽ അതിന്റെ ഉത്തരവാദിയാവും-’ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു
എ.എ.പിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കെജ്‌രിവാൾ രാഹുൽ ഗാന്ധിയെ വിമർശിച്ചത്. ഈ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും രാജ്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണ്. മോദിയെയും അമിത്ഷായെയും അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് എ.എ.പി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാൻ കോൺഗ്രസ് തയ്യാറാവാത്തതിനെത്തുടർന്ന് എ.എ.പി പിന്മാറിയിരുന്നു. കോൺഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് കെജ്‌രിവാൾ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.