k-surendran

പത്തനംതിട്ട: മണ്ഡലത്തിൽ വോട്ടിംഗ് ശതമാനത്തിലുണ്ടായ വൻ വർദ്ധന ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന ചർച്ചകൾ സീജവമായി. 2014നേക്കാൾ 8.17 ശതമാനത്തിന്റെ വർദ്ധനയാണ് ഇത്തവണയുണ്ടായത്. 2014ൽ 66.02 ശതമാനമായിരുന്നു വോട്ടിംഗ് നില. ഇത്തവണ 74.19 ശതമാനമായി ഉയർന്നു.

ബൂത്ത് തലങ്ങളിലെ വോട്ടിംഗിന്റെ കണക്കുവച്ച് എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.യും വിലയിരുത്തൽ തുടങ്ങി. വോട്ടിംഗ് ശതമാനം വർദ്ധിച്ചത് പ്രതീക്ഷയായാണ് മൂന്നു മുന്നണികളും കരുതുന്നത്. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വൻ തോതിൽ ഉയർന്നിട്ടുണ്ട്. പൂഞ്ഞാറിൽ കഴിഞ്ഞ തവണത്തേക്കാൾ 12.04 ശതമാനത്തിന്റെ വോട്ടു വർദ്ധനയാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് . 77.96 ശതമാനം.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് എഴുപത് ശതമാനത്തിനു മുകളിലെത്തി. ഇത്തവണ തുടക്കം മുതൽ തന്നെ കനത്ത പോളിംഗുണ്ടായത് ശ്രദ്ധേയമാണ്. ശബരിമല വിഷയവും പ്രളയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയ മണ്ഡലത്തിൽ അടിയൊഴുക്കുകൾ അടിത്തട്ടിൽ വരെ നടന്നുവെന്ന് വ്യക്തമാണ്. ഗ്രാമ പ്രദേശങ്ങളിൽ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോൾ മുതൽ തന്നെ സ്ത്രീകളുടെയടക്കം നിര രൂപപ്പെട്ടിരുന്നു. പരമാവധിയാളുകളെ വോട്ടു ചെയ്യിക്കാൻ മൂന്നു മുന്നണികളും അവസാന നിമിഷം വരെ സീജവമായി പ്രവർത്തിച്ചതും വോട്ടിംഗ് നില ഉയരാൻ കാരണമായി.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിന്റെ ലക്ഷണമാണ് പോളിംഗ് ശതമാനം ഉയർന്നതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനത്തിൽ കണ്ടതെന്നും ചരിത്ര വിജയം നേടുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. വിശ്വാസികളെ വേദനിപ്പിച്ച പിണറായി സർക്കാരിനോടുള്ള അമർഷവും മോദിസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുളള അംഗീകാരവും വോട്ടായി മാറുമെന്നും തങ്ങൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻ.ഡി.എയും അവകാശപ്പെട്ടു. കെ.സുരേന്ദ്രൻ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.ആർ.അജിത് കുമാർ ഒരു ഓൺലൈൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി, ആറന്മുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതൽ മുന്നേറ്റമുണ്ടാക്കാനാവുക. സുരേന്ദ്രന്റെ വിജയം ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിംഗ് ശതമാനം

ആകെ പോളിംഗ് 74.19

കാഞ്ഞിരപ്പളളി 77.96

പൂഞ്ഞാർ 77.27

തിരുവല്ല 71.43

റാന്നി 70.06

ആറൻമുള 72.00

കോന്നി 74.24

അടൂർ 76.71

2014

ആകെ പോളിംഗ് 66.02

കാഞ്ഞിരപ്പളളി 68.52

പൂഞ്ഞാർ 65.23

തിരുവല്ല 63.38

റാന്നി 64.12

ആറൻമുള 64.91

കോന്നി 68.12

അടൂർ 68.14